മില്‍മയും കേരള ബാങ്കും ധാരണാപത്രം ഒപ്പിട്ടു
Thursday, February 27, 2025 2:16 AM IST
ബിനു ജോർജ്
കോഴിക്കോട്: കാലിത്തീറ്റ വിലവര്‍ധനവും വര്‍ധിച്ച പരിപാലനച്ചെലവുകളും മൂലം തകര്‍ന്നടിയുന്ന ക്ഷീര കര്‍ഷക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പശു വളര്‍ത്തലിന് പലിശരഹിത വായ്പാപദ്ധതിയുമായി മില്‍മ. ക്ഷീരവികസന വകുപ്പിന്റെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെയും കേരള ബാങ്കിന്റെയും സഹായത്തോടെ മില്‍മ നടപ്പാക്കുന്ന പദ്ധതിക്ക് രൂപരേഖയായി.
വായ്പാ വിതരണം സംബന്ധിച്ച് മില്‍മയും കേരള ബാങ്കും തമ്മില്‍ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഈടില്ലാതെ പരമാവധി മൂന്നുലക്ഷം രൂപവരെ കര്‍ഷകര്‍ക്കു പലിശരഹിത വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ പശുവളര്‍ത്തലിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുതിയതായി ഈ മേഖലയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്നവര്ക്കും നഷ്ടം കാരണം പശുവളര്‍ത്തല്‍ ഉപേക്ഷിച്ചവര്‍ക്കും വായ്പ ലഭ്യമാക്കും.
ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ പ്രാഥമിക ക്ഷീരസംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിസ്റ്റ് ലഭിച്ചശേഷം മാര്‍ച്ച് അവസാനം മില്‍മ, കേരള ബാങ്ക്, ക്ഷീരവികസന, വ്യവസായ വകുപ്പുകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സംയുക്തയോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മില്‍മ ചെയര്മാന് കെ.എസ്. മണി പറഞ്ഞു.
മൂന്നുലക്ഷം രൂപവരെ ഈടില്ലാതെ വായ്പ നല്കാന് തയാറാണെന്ന് കേരള ബാങ്ക് അറിയിച്ചിട്ടുണ്ട്. മൂന്നു ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ക്ക് ഈട് വേണ്ടിവരും. വായ്പകള്‍ക്ക് പലിശ സബ്സിഡി നല്കാന് മില്‍മയും ഫണ്ട് നീക്കിവയ്ക്കും.
പ്രാഥമിക സംഘങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത വരില്ല. നിലവില്‍ ക്ഷീര വികസന, വ്യവസായ വകുപ്പുകളും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും മില്‍മയുടെ മൂന്നു മേഖലാ യൂണിയനുകളും വിവിധ പശുവളര്‍ത്തല്‍ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതു കോഡീകരിച്ച് വിപുലമായ വായ്പാപദ്ധതിയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
മില്മയാണു വായ്പാ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. സംസ്ഥാനത്ത് പാലുത്പാദനം കുറയുന്നത് കണക്കിലെടുത്താണ് മില്‍മ മുന്‍കൈയെടുത്ത് വായ്പാപദ്ധതി നടപ്പാക്കുന്നത്.
ക്ഷീരസംഘങ്ങള്‍ മുഖേന 12 ലക്ഷം ലിറ്റര്‍ പാലാണു മില്‍മ സംഭരിക്കുന്നത്. ഇത് ആഭ്യന്തര ഉപഭോഗത്തിന് തികയാത്തതിനാല്‍ ആറു ലക്ഷം ലിറ്റര്‍ പാല് ഇതര സംസ്ഥാനങ്ങളില്‍നിന്നു മില്‍മയ്ക്ക് വാങ്ങേണ്ടിവരുന്നുണ്ട്. വേനല്‍ച്ചൂടില്‍ പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞുവരികയാണ്. അതിനാല്‍ വരുംമാസങ്ങളില്‍ ഇനിയും പാലുത്പാദനം കുറയുമെന്നാണ് സൂചന.