വന്ദേഭാരത് സ്ലീപ്പർ അടുത്തമാസം?
Thursday, February 27, 2025 2:16 AM IST
കൊല്ലം: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലിറങ്ങും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ട്രെയിനുകളുടെ സര്‍വീസ് അടുത്തമാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ദീര്‍ഘദൂരയാത്രകള്‍ക്കായി രൂപകല്പന ചെയ്ത സ്ലീപ്പര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉള്‍പ്പെടെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ തിരക്കുള്ള റൂട്ടുകളിലൊന്നായിരിക്കും വന്ദേഭാരത് സ്ലീപ്പർ ഓടിക്കാന്‍ തിരഞ്ഞെടുക്കുകയെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച റെയില്‍വേ ബോര്‍ഡിന്റെ ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും. ലക്നോവിലെ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് ഓര്‍ഗനൈസേഷനിലാണ്(ആര്‍ഡിഎസ്ഒ) പരീക്ഷണങ്ങളും പരിശോധനകളും നടന്നത്.
മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗത്തില്‍വരെ പരീക്ഷണഓട്ടം നടത്തിയിരുന്നു. 540 കിലോമീറ്റര്‍ ദൂരം വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇത് വിജയകരമായിരുന്നതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി അവസാനവട്ട മിനുക്കുപണികള്‍ക്കായി റേക്ക് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞദിവസം തിരികെയെത്തിച്ചു.
വന്ദേഭാരത് എക്സ്പ്രസിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് സ്ലീപ്പർ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. 16 കോച്ചുള്ള ട്രെയിനില്‍ എസി ഫസ്റ്റ്ക്ലാസ്, സെക്കന്‍ഡ് എസി, തേര്‍ഡ് എസി ക്ലാസുകളാണുണ്ടാകുക. 1,128 പേര്‍ക്ക് യാത്രചെയ്യാനാകും.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ബര്‍ത്തുകളാണ് ഉണ്ടാവുക. സ്വയംപ്രവര്‍ത്തിത വാതിലുകള്‍, വൈഫൈ, കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം, മുമ്പിലും വശങ്ങളിലും ക്രാഷ് ബഫറുകള്‍, നൂതന അഗ്നിശമന സംവിധാനം, എളുപ്പത്തില്‍ പ്രവേശിക്കാനുള്ള ഗോവണി സൗകര്യം, ആധുനിക ടോയ്ലറ്റ് സംവിധാനങ്ങള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ വന്ദേ സ്ലീപ്പര്‍ ട്രെയിനിലുണ്ട്.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്)യുമായി സഹകരിച്ച് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) നിര്‍മിച്ച ട്രെയിനിന്റെ നിര്‍മാണച്ചെലവ് 120 കോടി രൂപയാണ്.
ആദ്യ പ്രോട്ടോടൈപ്പിന്റെ പരീക്ഷണം വിജയകരമായതിനാല്‍ പുതിയ ഒമ്പത് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണവും ഏപ്രിലില്‍ തുടങ്ങും.