ആശ്വാസവാക്കുകളും ധനസഹായവും മനുഷ്യജീവനു പകരമാകില്ല; വന്യമൃഗ ആക്രമണങ്ങളിൽ ഹൈക്കോടതി
Thursday, February 27, 2025 2:22 AM IST
കൊച്ചി: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിന് വിമര്‍ശനവുമായി ഹൈക്കോടതി. വന്യമൃഗങ്ങളെ ഭയന്നു ജീവിക്കേണ്ടിവരുന്നത് മൗലികാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഫെന്‍സിംഗും ട്രഞ്ചിംഗും കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ജനകീയസമിതി നല്കിയ ഹര്‍ജിയും വന്യജീവി ആക്രമണത്തില്‍ മരിച്ചയാളുടെ മകന് കേന്ദ്രസഹായത്തിനായി നല്കിയ ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
ആറളത്ത് 70 വയസ് കഴിഞ്ഞ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നെന്ന ഹൃദയഭേദക വാര്‍ത്തയാണു കേട്ടതെന്ന് ഹർജി പരിഗണിക്കവേ കോടതി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 555 പേര് കൊല്ലപ്പെട്ടുവെന്ന രാജ്യസഭയിലെ കണക്ക് ഞെട്ടിക്കുന്നതാണ്.
ആശ്വാസവചനങ്ങളും ധനസഹായവും ആശ്രിതരുടെ നഷ്ടത്തിനു പകരമാകില്ല. വന്യജീവി ആക്രമണം ശാശ്വതമായി തടയാന്‍ ഫലപ്രദമായ സത്വരനടപടി വേണമെന്നും ജസ്റ്റീസ് സി.എസ്. ഡയസ് നിര്‍ദേശിച്ചു.
പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ച് വനാതിര്‍ത്തികളില്‍ സംരക്ഷണമതില്‍ നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2022ല്‍ ജോസഫ് ടാജറ്റ് കേസില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് എലിഫന്റിന്റെ മാര്‍ഗരേഖയുമുണ്ട്. എന്നാല്‍ പല നിര്‍ദേശങ്ങളുണ്ടായിട്ടും പ്രശ്നം തുടരുകയാണ്. വിഷയത്തില്‍ നിഷ്ക്രിയമായി തുടരാനാകില്ലെന്നു വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹര്‍ജികളില്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി മെംബര്‍ സെക്രട്ടറി എന്നിവരെ സ്വമേധയാ കക്ഷിചേര്‍ത്തു.
കേന്ദ്ര ഗവ. സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണം. മലയോരമേഖലയില്‍ കെല്‍സയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
കേന്ദ്ര-സംസ്ഥാന നഷ്ടപരിഹാര പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.