ഇനിയൊരാളും കൊല്ലപ്പെടില്ലെന്ന ഉറപ്പു തരാമോ? ; ശ്യാമയുടെ ഈ ചോദ്യത്തിനാണ് ഇന്നത്തെ ഉന്നതതല യോഗം ഉത്തരം നൽകേണ്ടത്
Thursday, February 27, 2025 2:22 AM IST
ആറളം: ഞങ്ങൾക്കു വേണ്ടത് നിങ്ങൾ എടുത്ത തീരുമാനങ്ങളോ ചെയ്ത പണിയുടെ കണക്കുകളോ അല്ല, ആറളത്ത് ഇനിയൊരാളും കൊല്ലപ്പെടില്ല എന്ന ഉറപ്പാണ്. ഇതൊരു വെള്ളപ്പേപ്പറിൽ എഴുതി ഒപ്പിട്ടു തരാമോ? അർധരാത്രിയിൽ വനംമന്ത്രിയെ തടഞ്ഞുവച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്തുനോക്കി ഒരു ആദിവാസി സ്ത്രീ ചോദിച്ച ഈ ചോദ്യത്തിനാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്തിരിക്കുന്ന ഉന്നതതല യോഗം ഉത്തരം നൽകേണ്ടത്.
സിപിഎം മഞ്ഞക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയും ബിഎ ഇംഗ്ലീഷ് ബിരുദധാരിയുമായ മുപ്പത്തിനാലുകാരി ശ്യാമ ബിബീഷാണ് വനംമന്ത്രി എ.കെ. ശശീന്ദ്രനു നേരേ ചോദ്യശരങ്ങൾ ഉതിർത്തത്.
കഴിഞ്ഞ ഞായറാഴ്ച കാട്ടാന ചവിട്ടിക്കൊന്ന ആറളം ഫാമിലെ വെള്ളി (80), ഭാര്യ ലീല (75 ) എന്നിവരുടെ മൃതദേഹങ്ങൾ പിറ്റേന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് കൊണ്ടുവന്നപ്പോൾ ആദിവാസികളടക്കം നാട്ടുകാർ സംഘടിച്ചെത്തി ആംബുലൻസുകൾ തടയുകയും മന്ത്രി എത്തണമെന്ന് ശഠിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് രാത്രി ഏറെ വൈകി മന്ത്രി ശശീന്ദ്രൻ സ്ഥലത്തെത്തിയത്.
ആരുടെയും ഉള്ളുലയ്ക്കുന്ന, ശ്യാമയുടെ വാക്കുകൾ: “ആനമതിലിന്റെ പണി പത്തു മാസത്തേക്കല്ലേ കരാർ കൊടുത്തത്. ഇപ്പോൾ അഞ്ചു വർഷമായി. എവിടെപ്പോയി കൺസ്ട്രക്ഷൻ വർക്കുകാർ. ഇനിയും അവർക്കുതന്നെയാണോ നിങ്ങൾ പണികൊടുക്കാൻ പോകുന്നത്.
അവരുടെ പേരിലെടുക്ക് ഈ രണ്ടു ജീവൻ പോയതിന്റെ കേസ്. അവർ ആ പണി കൃത്യമായും സത്യസന്ധമായും തീർത്തിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ രണ്ടു ബോഡി ഇങ്ങനെ വഴിയിലിട്ട് സാറിനെ ഈ അർധരാത്രിയിൽ ഇവിടെ വിളിച്ചുവരുത്തേണ്ട ആവശ്യം വരില്ലായിരുന്നു.
ഇനിയെന്തിനാണ് നിങ്ങൾ ആർആർടി ടീമിനെ വച്ചുവാഴിക്കുന്നത്. 24 മണിക്കൂറായി ഈ ബോഡികളിവിടെ കിടക്കുന്നു. നിങ്ങളുടെ വനംവകുപ്പിൽനിന്ന് ഒരാളിവിടെ വന്നിരുന്നെങ്കിൽ ഞങ്ങൾക്കിത്ര രോഷമുണ്ടാവില്ലായിരുന്നു.
എന്തിനാണു സാർ ആർആർടിക്കാർക്കു മാസാമാസം ശമ്പളമെന്നു പറഞ്ഞ് സർക്കാരിന്റെ ഖജനാവിൽനിന്ന് എടുത്തുകൊടുക്കുന്നത്. അത് ഈ സാധാരണക്കാർക്കു കൊടുക്ക്. അവരോടിക്കും ആനയെ. ഞങ്ങൾ ആദിവാസികളോടിക്കും. ഇനി ഞങ്ങൾക്ക് ആർആർടിക്കാരുടെ ഒരു സേവനവും വേണ്ട.
മൂന്നു മാസത്തിൽ ഒരിക്കൽ അടിക്കാടുകൾ വെട്ടിത്തെളിക്കും, 24 മണിക്കൂറും വനംവകുപ്പ് പട്രോളിംഗ് നത്തും. ജീവിക്കാൻ വേണ്ടതെല്ലാം നടത്തിത്തരും എന്നു പറഞ്ഞ ഒരു മിനിട്സ് കളക്ടറേറ്റിലുണ്ട്.
അടിക്കാടുകൾ വെട്ടിത്തെളിക്കാൻ അനുവദിച്ച 75 ലക്ഷം രൂപകൊണ്ടു മൂന്നാഴ്ച മാത്രമാണു പ്രവൃത്തി നടന്നത്. പിന്നീട് ഫണ്ടില്ലെന്നു പറഞ്ഞ് പണി നിർത്തിച്ചു. രണ്ട് വർഷത്തിനു ശേഷം ആദിവാസികൾക്കു നൽകേണ്ട ജോലി കരാറുകാരനു നൽകി. പരിശീലനം നേടിയ ആദിവാസികൾക്ക് ലഭിക്കേണ്ട ജോലി ഇതരസംസ്ഥാന തൊഴിലാളികളാണു ചെയ്യുന്നത്.
രണ്ടു പേർ മരിച്ചു വീണിട്ടും തിരിഞ്ഞുനോക്കാത്ത വനപാലകർ പന്നി ചത്താൽ ഓടിവരും. ഡിഎഫ്ഒ മുതൽ ഉദ്യോഗസ്ഥർ, ഡോക്ടർ, പോസ്റ്റ്മോർട്ടം, അന്വേഷണം, സംസ്കാരം എന്നിങ്ങനെ ലക്ഷങ്ങൾ മുടക്കി ഓടിനടക്കും. ആദിവാസികളുടെ അടുക്കളയിൽ കയറി അരച്ചുവച്ചിരിക്കുന്ന ചമ്മന്തിയടക്കം പരിശോധിക്കും. ഫാമിൽ 14 ജീവൻ നഷ്ടപ്പെട്ടിട്ടും വനംവകുപ്പ് എന്ത് അന്വേഷണമാണ് നടത്തിയത്.
ഇനിയും പല വിഷമവും പറയാനുണ്ട്. അതു കേട്ടാൽ സാറിവിടെ നിൽക്കില്ല. സാറിന് ഈ ഉന്നതന്മാരും ഉദ്യോഗസ്ഥരും പറയുന്ന അറിവു മാത്രമേയുള്ളൂ. പക്ഷേ, ഒരു സാധരണക്കാരനോടു ചോദിക്ക് ആറളം ഫാമിന്റെ അവസ്ഥയെന്താണെന്ന്. വോട്ടു ചോദിക്കാൻ വന്നതുകൊണ്ടു മാത്രം മതിയോ. ഒരു പാർട്ടിയുടെയും ആളുകളല്ല ഞങ്ങൾ. ആദിവാസികളെന്ന ഒറ്റ കമ്യൂണിറ്റിയാണിവിടെ കൂടിയിരിക്കുന്നത്.’’
ശ്യാമയുടെ ചോദ്യങ്ങൾക്ക് മന്ത്രിയുടെ ഉത്തരം നിസംഗത മാത്രമായിരുന്നു. എന്നാൽ ഇന്നു നടക്കുന്ന ഉന്നതതല യോഗത്തിൽ അവയ്ക്ക് ഉത്തരം കണ്ടെത്താൻ കഴിയണമെന്നാണ് ശ്യാമയടക്കം മുഴുവൻ ആദിവാസികളുടെയും ആവശ്യം.
ആറളം ഫാമിലെ ഏഴാം ബ്ലോക്കിലെ വീട്ടിൽ ആനപ്പേടിയിൽ അന്തിയുറങ്ങാൻ കഴിയാത്ത വീട്ടമ്മയാണ് ശ്യാമ. 2022ൽ ആന ചവിട്ടിക്കൊകൊന്ന ദാമുവിന്റെ മൃതദേഹം ആദ്യം കണ്ടത് ശ്യാമയായിരുന്നു. അന്നു ചേർന്ന സർവകക്ഷി യോഗത്തിൽ വാഗ്ദാനങ്ങൾ നല്കിയുള്ള മിനിറ്റ്സ് ഒപ്പിട്ട് ഏൽപ്പിച്ച കോപ്പി ഇന്നും തന്റെ കൈവശം ഉണ്ടെന്ന് ശ്യാമ ദീപികയോടു പറഞ്ഞു.