കടൽ മണൽ ഖനനം: ആശങ്ക പരിഹരിക്കണമെന്നു കത്തോലിക്ക കോൺഗ്രസ്
Thursday, February 27, 2025 2:16 AM IST
കൊച്ചി: കടൽ മണൽ ഖനന പ്രശ്നത്തിൽ തീരദേശവാസികൾ ഉയർത്തുന്ന ആശങ്ക പരിഹരിക്കപ്പെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. കടൽ മണൽ ഖനനം കേരളത്തിന്റെ തീരത്തിന് അപകടകരമാണ്.
ഖനനം കടലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും തകർക്കുകയും തീരപ്രദേശത്തെ പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും തീരത്തെ ജീവിതത്തെയും ബാധിക്കാൻ സാധ്യതയുള്ള ഖനനത്തെപ്പറ്റി ശാസ്ത്രീയ പഠനത്തിനു സർക്കാർ തയാറാകണം.
തീരദേശജനത നടത്തുന്ന തീരദേശ ഹർത്താലിൽ ഉയർത്തുന്ന ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ ആധ്യക്ഷതയിൽ നടന്ന നേതൃയോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ,ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ജേക്കബ് നിക്കോളാസ് എന്നിവർ പ്രസംഗിച്ചു.