പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം വേണ്ടെന്ന് പി.രാജുവിന്റെ കുടുംബം
Friday, February 28, 2025 1:15 AM IST
കൊച്ചി: അന്തരിച്ച സിപിഐ നേതാവ് പി. രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കേണ്ടെന്ന് കുടുംബം. അദ്ദേഹത്തിനെതിരായ പാര്‍ട്ടി നടപടിക്ക് കൂട്ടുനിന്നവര്‍ സംസ്കാരത്തില്‍ പങ്കെടുക്കരുതെന്നും കുടുംബം നേതൃത്വത്തെ അറിയിച്ചു.
സിപിഐയില്‍നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണു കുടുംബത്തിന്റെ പരാതി. ഈ സാഹചര്യത്തിലാണ് രാജുവിന്റെ മൃതദേഹം പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചാല്‍ മതിയെന്ന് കുടുംബം തീരുമാനിച്ചത്.
രാജുവിനെതിരായ ആരോപണങ്ങള്‍ തെറ്റെന്ന് പാര്‍ട്ടി കണ്ട്രോള് കമ്മീഷന് കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാര്‍ട്ടിനേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാര്‍ട്ടിയിലെ ഒരു വിഭാഗം തടസം സൃഷ്ടിച്ചെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ പി.രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന ഫേസ്ബുക്ക് കുറിപ്പുമായി മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലും രംഗത്തെത്തി.
സല്പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. ഇത് പി.രാജുവിന് കനത്ത ആഘാതമായി. സാമ്പത്തിക തിരിമറിയുടെ പേരില്‍ രാജുവിനെതിരേ നടപടിയെടുത്തിരുന്നു. കണ്ട്രോള് കമ്മീഷന് ആവശ്യപ്പെട്ടിട്ടും മേല്‍ കമ്മിറ്റിയിലെടുക്കാന്‍ ജില്ലാ നേതൃത്വം തയാറായില്ലെന്നും ഇസ്മയിൽ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.