ജെ.ബി. കോശി കമ്മീഷൻ ശിപാർശ നടപ്പിലാക്കുന്നത് പരിഗണനയിൽ: മന്ത്രി പി. രാജീവ്
Thursday, February 27, 2025 2:16 AM IST
കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പി. രാജീവ്. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) എറണാകുളം പിഒസിയിൽ സംഘടിപ്പിച്ച 53-ാമത് ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശിപാർശകൾ ഗുണഭോക്താക്കളുമായി ചർച്ചചെയ്തു സമയബന്ധിതമായി നടപ്പിലാക്കണമെന്ന ജനറൽ കൗൺസിലിന്റെ ആവശ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്ന് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി തോമസ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, ലത്തീൻ സഭ വക്താവ് ജോസഫ് ജൂഡ്, യേശുദാസ് പറപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
സമുദായ ആവശ്യങ്ങൾക്കായി ജാഥ നടത്തും
തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സാമുദായിക അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് മുതൽ നെയ്യാറ്റിൻകര വരെ ജാഥ സംഘടിപ്പിക്കാൻ കെഎൽസിഎ ജനറൽ കൗൺസിൽ തീരുമാനിച്ചു.
മണൽ ഖനനം സംബന്ധിച്ച് തീരസമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണം. സമുദായ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉത്തരവ് ഇറക്കണം. തീരനിയന്ത്രണ വിജ്ഞാപനത്തിന്റെ ദ്വീപ് മേഖല പ്ലാൻ പ്രസിദ്ധീകരിക്കണം.
വിഴിഞ്ഞം കേസുകൾ പിൻവലിക്കണം. മുനമ്പം വിഷയം അടിയന്തരമായി പരിഹരിക്കണം. വന്യമൃഗ ആക്രമണം മൂലം ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാനും പ്രശ്നം പരിഹരിക്കാനും നടപടികൾ ഉണ്ടാകണം. മുതലപ്പൊഴിയിൽ അപകടരഹിത സാഹചര്യമുണ്ടാക്കണമെന്നും കൗൺസിൽ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.