വിദ്യാർഥികൾക്കായി ദേശീയതലത്തിൽ ആപാർ ഐഡി കാർഡ് വരുന്നു
Friday, February 28, 2025 1:15 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര സർക്കാരും ചേർന്ന് വിദ്യാർഥികൾക്കായി ആപാർ (APAAR) കാർഡ് പുറത്തിറക്കുന്നു. രാജ്യവ്യാപകമായി വിദ്യാർഥികൾക്ക് അവരുടെ യോഗ്യതാ പത്രങ്ങൾ, നേട്ടങ്ങൾ, അക്കാദമിക് രേഖകൾ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുന്ന ഒരു സവിശേഷ തിരിച്ചറിയൽ കാർഡ് നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) എന്നാണ് ഐഡിയുടെ മുഴുവൻ പേര്. രാജ്യത്ത് ഉടനീളമുള്ള സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഈ കാർഡ് മുഖാന്തിരം ഓരോ പ്രത്യേക നമ്പർ ലഭിക്കും. ഇത് അവരുടെ അക്കാദമിക് രേഖകളുടെ ഡിജിറ്റൈസേഷനും കേന്ദ്രീകരണവും സാധ്യമാക്കും.
വിദ്യാർഥികൾക്ക് ഈ വൺ നേഷൻ, വൺ സ്റ്റുഡന്റ് ഐഡി കാർഡ് ഏറെ പ്രയോജനപ്പെടും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് ഈ കാർഡ് കംപ്യൂട്ടറൈസ്ഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം എന്നതാണ് പ്രധാന സവിശേഷത.
കേന്ദ്രീകൃത അക്കാദമിക് കാർഡ് ഒരു വിദ്യാർഥിയുടെ ഗ്രേഡുകൾ, കോഴ്സ് പൂർത്തീകരണം, സ്കോളർഷിപ്പുകൾ തുടങ്ങിയ എല്ലാ രേഖകളും സമാഹരിച്ച് ഡിജിറ്റൈസ് ചെയ്യുന്നു. പ്രീപ്രൈമറി മുതൽ കോളജ് തലം വരെ ഒരു വിദ്യാർഥിയുടെ ആപാർ ഐഡി അവരുടെ കരിയറിൽ ഉടനീളം പിന്തുടരുന്ന സ്ഥിരം മോണിറ്റർ നമ്പർ ആയിരിക്കും. രാജ്യത്ത് ഇത് കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് കൈമാറ്റവും എളുപ്പമാക്കും.
ഓരോ വിദ്യാർഥിയുടെയും ആധാർ കാർഡും ആപാർ ഐഡിയും തമ്മിൽ ബന്ധിപ്പിക്കും. ഇത് അവരുടെ തിരിച്ചറിയലുകൾ സ്ഥിരീകരിക്കുകയും അക്കാദമിക് മേഖലകളിൽ സ്ഥിരത ഉറപ്പാക്കുകയും ചെയ്യും.
പേപ്പർ അധിഷ്ഠിത രേഖകളെ ആശ്രയിക്കാതെ അവരുടെ ആപാർ ഐഡി ഉപയോഗിച്ച് ബഹുമതികൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള അക്കാദമിക് വിവരങ്ങൾ വിദ്യാർഥികൾക്ക് നേരിട്ട് ആക്സസ് ചെയ്യാനും കഴിയും.
വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ, ഉയരം, ഭാരം ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അടക്കം ആപാർ ഐഡി കാർഡിൽ ഉൾപ്പെടുത്തേണ്ടതിനാൽ അത് നൽകാൻ മാതാപിതാക്കളുടെ അനുമതിയും ആവശ്യമാണ്. ഓൺലൈനിൽ സമ്മതപത്രം പൂരിപ്പിക്കുന്നതിനുള്ള വിവരങ്ങൾ ആപാറിന്റെ വെബ്സൈറ്റിൽ ലഭ്യമായിക്കഴിഞ്ഞു.