എയ്ഡഡ് സ്കൂള്‍ നിയമന കാലതാമസം ഒഴിവാക്കണം: നിര്‍ദേശം നല്കി സര്‍ക്കാര്‍
Thursday, February 27, 2025 2:22 AM IST
കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതു സംബന്ധിച്ചും ജീവനക്കാരുടെ നിയമനാംഗീകാരം സംബന്ധിച്ചും മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍.
വിദ്യാഭ്യാസ വകുപ്പ് നിയമനാംഗീകാരം നിഷേധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ്സ് യുപി സ്കൂള്‍ അധ്യാപിക അലീന ജീവനൊടുക്കിയത് വന്‍ വിവാദമായ സാഹചര്യത്തിലാണു തീരുമാനം.
നിയമനാംഗീകാര ഫയലുകള്‍ തീര്‍പ്പാക്കാന്‍ കര്‍ശന നടപടി വേണമെന്നും അതിലുള്ള വീഴ്ച കൃത്യവിലോപമായി കണക്കാക്കുമെന്നാണ് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ അധികാരികള്‍ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട അധ്യാപകരെ നിയമിച്ച എയ്ഡഡ് സ്കൂളുകളിലെ മറ്റു നിയമനങ്ങള്‍ റഗുലറായി ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം.
എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പ്രൊവിഷണലായി ശമ്പള സ്കെയിലില്‍ അംഗീകാരം നല്കിയ ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സില്‍ അംഗത്വം ഉറപ്പാക്കാനുള്ള നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.