നവീൻ ബാബുവിനെതിരേ പരാതിയില്ലെന്ന് വിവരാവകാശ രേഖ
Friday, February 28, 2025 1:15 AM IST
കണ്ണൂര്‍: പി.പി. ദിവ്യയുടെ പരസ്യഅധിക്ഷേപത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ബാബുവിനെതിരേ ഒരു പരാതിയും ആരില്‍നിന്നും ലഭിച്ചില്ലെന്നു വിവരാവകാശ രേഖ.
അഭിഭാഷകന് കുളത്തൂര്‍ ജയ്സിംഗിനു കണ്ണൂര്‍ കളക്റേറ്റില്നിന്നു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നവീന്‍ബാബു ജീവനൊടുക്കിയതിനു പിന്നാലെ അദ്ദേഹത്തിനെതിരേ കൈക്കൂലി ആരോപണം ഉള്‍പ്പെടെ ഉയര്‍ന്നിരുന്നു. ശ്രീകണ്ഠപുരത്തെ വിവാദ പെട്രോള്‍ പമ്പ് ഉടമ ടി.വി. പ്രശാന്തന് ആയിരുന്നു നവീന്‍ ബാബുവിനെതിരേ ആദ്യം കൈക്കൂലി ആരോപണം ഉന്നയിച്ചത്.
പെട്രോള്‍ പമ്പിന് അനുമതി ലഭിക്കാന്‍ നവീന്‍ബാബുവിന് ഒരുലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം.
നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കു പരാതി നല്‍കിയിരുന്നുവെന്നും പ്രശാന്തന് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നവീന്‍ ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് കളക്ടറേറ്റില്‍നിന്നു വിവരാവകാശ മറുപടി ലഭിക്കുന്നത്.