വാട്സ്ആപ് പഠനം ഇനി വേണ്ട
Monday, December 2, 2024 6:43 AM IST
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ പഠനത്തിന്റെ ഭാഗമായി നോട്സും മറ്റ് പഠന കാര്യങ്ങളും വാട്സ്ആപ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ഹയര്‍ സെക്കന്‍ഡറി വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് വാട്സ്ആപ്പിലൂടെ പഠനം നിരോധിച്ചത്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തേ തുടര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഇതില്‍ ഇടപെട്ടത്.
പത്തനംതിട്ടയില്‍നിന്ന് ഒരു കൂട്ടം രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ ബാലാവകാശക്കമ്മീ ഷന് അന്വേഷണം നടത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ റീജിയണല്‍ ഡയറക്ടര്‍മാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയിരുന്നു.
കോവിഡിനെ തുടര്‍ന്ന് വിദ്യാഭ്യാസം മുടങ്ങാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളെ പലയിടത്തും ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്ന പ്രവണത കണ്ടുവന്നിരുന്നു. ഇത് മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിലേക്കു നയിക്കുന്നുണ്ടെന്ന് കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
വാട്സ്ആപ് പഠനമാധ്യമമായി തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഈ നവമാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും കണ്ടെത്തി. ഉത്തരവ് പുറത്തിറങ്ങി രണ്ടുമാസത്തിലേറെയായിട്ടും സംസ്ഥാനത്തെ ചില സ്കൂളുകളില്‍ ഇപ്പോഴും വാട്സ്ആപ് പഠനം നടക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു പരാതി ലഭിച്ചു.
ഇതേത്തുടര്‍ന്നാണ് ഉത്തരവ് കര്‍ശനമാക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശം ഉണ്ടായത്. സ്കൂളുകളില്‍ ക്ലാസ് എടുത്തശേഷം നോട്സ് വാട്സ്ആപ്പിലൂടെ അയയ്ക്കുന്ന രീതിയാണ് പലയിടത്തും നിലവിലുള്ളത്. ക്ലാസ് ഗ്രൂപ്പുകളും മറ്റും ഇതിനായുണ്ട്.
കുട്ടികള്‍ക്ക് അവരുടെ പഠന കാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസിലാക്കാനും ഓണ്‍ലൈന്‍ വഴിയുള്ള പഠനം ഗുണകരമല്ലെന്ന് ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാകുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ സ്കുളുകളില് ഇടവിട്ട് സന്ദര്‍ശനം നടത്തി നീരീക്ഷിക്കുകയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടുകയും വേണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.