11.51 ലക്ഷം പേര് ശബരിമല ദര്‍ശനം നടത്തി
Monday, December 2, 2024 5:18 AM IST
ശബരിമല: മണ്ഡലകാലം ആരംഭിച്ച നവംബര്‍ 15 മുതല്‍ ഇന്നലെ ഉച്ചവരെ 11,51,571 പേര് ശബരിമലയില്‍ ദര്‍ശനത്തിനെത്തി. ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
സ്പോട് ബുക്കിംഗ് 10,000 ആയി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും, ചില ദിവസങ്ങളില്‍ അതില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ട്. നിലവിലെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധിയായ 70,000 ല്‍ മുഴുവന്‍ ആളുകളും വരുന്നില്ല എന്നതിനാല്‍ സ്പോട് ബുക്കിംഗ് പരിധിയിലധികമായി വരുന്ന ഭക്തര്‍ക്കും നിലവില്‍ തടസമില്ലാതെ ദര്‍ശനം നടത്താന്‍ സാധിക്കുന്നുണ്ട്.
ദിവസം കഴിയുന്തോറും തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇക്കാരണത്താല്‍ ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യ തിരക്ക് ഒഴിവാക്കാനാകുമെന്ന് പോലീസ് അറിയിച്ചു.