സാമൂഹിക സുരക്ഷാ പെൻഷൻ: അനർഹർ കടന്നുകൂടിയത് തദ്ദേശ വകുപ്പിന്റെ വീഴ്ച മൂലം
കെ. ഇന്ദ്രജിത്ത്
Monday, December 2, 2024 5:18 AM IST
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും സർവീസ് പെൻഷൻകാരും അടക്കമുള്ള അനർഹർ കടന്നു കൂടിയത് തദ്ദേശ വകുപ്പിന്റെ വീഴ്ച മൂലം. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ അനർഹരെ കണ്ടെത്തുന്നതിനായി സോഷ്യൽ ഓഡിറ്റിംഗ് നടത്തണമെന്ന ധനവകുപ്പിന്റെ തുടർച്ചയായ നിർദേശം തദ്ദേശ വകുപ്പ് അവഗണിച്ചതാണു കോടികളുടെ സാന്പത്തിക നഷ്ടം സംസ്ഥാന ഖജനാവിനു സൃഷ്ടിച്ചതെന്നാണു വിലയിരുത്തൽ.
സോഷ്യൽ ഓഡിറ്റിംഗ് വേണമെന്ന ധന വകുപ്പിന്റെ നിർദേശങ്ങൾ തുടർച്ചയായി അവഗണിച്ചതിനു പിന്നാലെ കഴിഞ്ഞ ഓഗസ്റ്റ് 30ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ അനർഹരെ കണ്ടെത്താനുള്ള മാർഗം ഉൾപ്പെടെ വിശദീകരിച്ചു തദ്ദേശ വകുപ്പിനു കത്തു നൽകിയിരുന്നു. സാമൂഹിക സുരക്ഷാ- ക്ഷേമനിധി പെൻഷൻ വാങ്ങുന്നവരുടെ പട്ടിക സേവന പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശം. ഇതും തദ്ദേശ വകുപ്പ് നടപ്പാക്കിയില്ല. സാമൂഹിക സുരക്ഷാ പെൻഷൻ സോഫ്റ്റ്വേറായ സേവനയിൽ പട്ടിക പ്രസിദ്ധീകരിച്ചെങ്കിൽ ലക്ഷക്കണക്കിന് അനർഹരെ ഒഴിവാക്കാനാകുമെന്നായിരുന്നു വിലയിരുത്തൽ.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ സർക്കാർ- പൊതുമേഖലാ ജീവനക്കാർ അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും ഇതു തടയണമെന്നും കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു ധനവകുപ്പ്, തദ്ദേശ വകുപ്പിനു കത്തു നൽകിയിരുന്നു. 2020 ജനുവരി 23നാണ് സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാൻ സംവിധാനം ഒരുക്കണമെന്നു നിർദേശിച്ച് ധനവകുപ്പ് എല്ലാ വകുപ്പു മേധാവികൾക്കും സർക്കുലറിലൂടെ ആദ്യ നിർദേശം നൽകിയത്.
ആരൊക്കെയാണ് അർഹരെന്നും അനർഹരായവരുടെ വരുമാന പരിധി അടക്കമുള്ള വിവരങ്ങളും സർക്കുലറിൽ നിർദേശിച്ചിരുന്നു.
സർവകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും അനർഹമായി ക്ഷേമപെൻഷൻ കൈപ്പറ്റുന്ന കാര്യം സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് തുടർച്ചയായി വിവിധ വകുപ്പു മേധാവികൾക്കും തദ്ദേശ സ്ഥാപന അധികൃതർക്കും സർക്കുലറായും കത്തുകൾ വഴിയും നിർദേശം നൽകിയിട്ടും പാലിക്കാത്തതാണു പ്രതിസന്ധി അതിരൂക്ഷമാക്കിയത്.