എയ്ഡ്സ് രഹിത സമൂഹത്തിനായി ഒന്നിക്കണം: മന്ത്രി കെ. രാജൻ
Monday, December 2, 2024 4:16 AM IST
തൃശൂർ: കേരളത്തിൽ എച്ച്ഐവി അണുബാധിതരുണ്ടാകരുതെന്ന ലക്ഷ്യവുമായി -ഒന്നായി പൂജ്യത്തിലേക്ക്- എന്ന കാന്പയിൻ വിജയിപ്പിക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നു റവന്യൂ മന്ത്രി കെ. രാജൻ. ലോക എയ്ഡ്സ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ടൗണ്‍ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അണുബാധിതർ ഒറ്റപ്പെടേണ്ടവരല്ല. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി മുന്നോട്ടുവച്ച ട്രിപ്പിൾ 95 എന്ന ആശയം ശ്രദ്ധേയമാണ്. രാജ്യത്ത് അണുബാധ സാന്ദ്രത 0.22 ശതമാനമാണെങ്കിൽ കേരളത്തിൽ 0.06 ശതമാനം മാത്രമാണ്. സൗജന്യ പരിശോധനയും കൗണ്‍സലിംഗും നടത്തുന്ന 793 ജ്യോതിസ് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ചികിത്സ, തുടർ സേവനം എന്നിവയ്ക്കായി മെഡിക്കൽ കോളജുകളിൽ ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇതിനുപുറമേ, കെയർ സപ്പോർട്ട് കേന്ദ്രങ്ങളും ലൈംഗിക-ജന്യ രോഗങ്ങൾക്കുള്ള പുലരി കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാവിലെ എട്ടിനു വടക്കുംനാഥ ക്ഷേത്ര മൈതാനം വിദ്യാർഥി കോർണറിൽനിന്ന് ആരംഭിച്ച ബോധവത്കരണ റാലി തൃശൂർ മേഖലാ ഡിഐജി. തോംസണ്‍ ജോസ് ഫ്ളാഗ് ഓഫ് ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. ശ്രീലത, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ, നഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫീസർ ഡോ. ആർ. എൻ. അൻസീർ, കൗണ്‍സിൽ ഓഫ് പീപ്പിൾ ലിവിംഗ് വിത്ത് എയ്ഡ്സ് കേരള പ്രസിഡന്റ് ജോസഫ് മാത്യു, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ ഡോ. അജയ് രാജൻ, സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ ജി. അഞ്ജന എന്നിവർ പ്രസംഗിച്ചു.