വാക്കും പ്രവൃത്തിയും ക്രിസ്മസും
ദേവമിത്ര നീലങ്കാവിൽ
Monday, December 2, 2024 5:18 AM IST
ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങൾ അനുസരിച്ച് ശബ്ദം ഒരു ശക്തിയാണ്, ഊർജമാണ്. ഉച്ചരിക്കപ്പെട്ട ശബ്ദം നൂറ്റാണ്ടുകൾക്കു ശേഷവും പുനരാവിഷ്കരിക്കാമെന്നു ശാസ്ത്രം അവകാശപ്പെടുന്നു. ശാസ്ത്രം ശബ്ദമാഹാത്മ്യം അവകാശപ്പെടുന്നതിനു നൂറ്റാണ്ടുകൾക്കു മുന്പ് നാലാം സുവിശേഷകനായ യോഹന്നാൻ ഇങ്ങനെ എഴുതിവച്ചു, “ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു...സമസ്തവും വചനത്തിലൂടെ ഉണ്ടായി. വചനത്തെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല.’’ (യോഹന്നാൻ 1:1-3)
“ഉണ്ടാകട്ടെ’’ എന്നു പറഞ്ഞുകൊണ്ട് സമസ്തവും സൃഷ്ടിച്ച ദൈവത്തിന്റെ വചനം, ദൈവത്തിന്റെ ശബ്ദം ശക്തിയുള്ളതാണ്. ആ വചനമാണ് കാലത്തിന്റെ തികവിൽ മാംസം ധരിച്ചത് (യോഹന്നാൻ 1:14). മാംസം ധരിച്ച വചനത്തിന്റെ ജന്മോത്സവമാണ് ക്രിസ്മസ്. പരിശുദ്ധാത്മാവിനാലാണ് വചനം മറിയത്തിന്റെ ഉദരത്തിൽ മാംസം ധരിച്ചത്.
ദൈവത്തിന്റെ ജീവനുള്ള വചനമായ വിശുദ്ധ ബൈബിളിലെ പഴയനിയമത്തിൽ ഉടനീളം നാം കാണുന്ന മിശിഹാ പ്രവചനങ്ങൾ, മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവുവഴി വചനം മാംസം ധരിച്ചതുവഴി പൂർത്തിയായി. പഴയനിയമത്തിലെ പ്രവചനങ്ങളും വാഗ്ദാനങ്ങളും ഈശോമിശിഹാ എന്ന പേര് നൽകപ്പെട്ട വ്യക്തിയുടെ ജനനത്തിലൂടെ പൂർത്തിയായി. കാരണം മറിയത്തിൽനിന്ന് മനുഷ്യശരീരം സ്വീകരിച്ച ഈശോമിശിഹാ പിതാവായ ദൈവത്തിന്റെ ഏകജാതനാണ്. ഈ ഏകജാതനെയാണ്, മനുഷ്യരോടുള്ള സ്നേഹത്തെപ്രതി, മനുഷ്യരക്ഷയ്ക്കായി ബലിയായിത്തീരാൻ മനുഷ്യരെ അത്രമാത്രം സ്നേഹിച്ച ദൈവം ലോകത്തിലേക്ക് അയച്ചത്.
വായുവിൽ ശബ്ദരൂപത്തിലും കടലാസിൽ ലിഖിത രൂപത്തിലും മാത്രം നിലനിന്നിരുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളും പ്രവചനങ്ങളും ഈശോ എന്ന വ്യക്തിയിൽ പൂർത്തിയാവുകവഴി ദൈവം തന്റെ വാക്ക് പാലിക്കുകയാണ് ചെയ്തത് എന്ന് നമുക്കറിയാം. ക്രിസ്മസ് എന്നത് ഈ വാക്ക് പാലനത്തിന്റെ ആഘോഷമാണെങ്കിൽ അത് നമ്മുടെ പ്രായോഗിക ജീവിതത്തിനു നൽകുന്ന സന്ദേശം ശക്തമാണ്. ശക്തമായ ആ സന്ദേശം ലളിതമായ വാക്കുകളിൽ പറഞ്ഞാൽ, “നാമും വാക്ക് പാലിക്കണം. നമ്മുടെയും വാക്കും പ്രവൃത്തിയും യോജിച്ചുപോകണം.’’
നാം പറയുന്ന ഓരോ വ്യർഥവാക്കിനും നാം കണക്ക് കൊടുക്കേണ്ടിവരും എന്നും, നമ്മുടെതന്നെ വാക്കുകളാൽ നാം വിധിക്കപ്പെടുമെന്നുമുള്ള യാഥാർഥ്യം വാക്കിന്റെയും ശബ്ദത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു (മത്തായി 12:36-37).
നമ്മുടെ വാക്ക് “അതേ’’ എന്നോ “അല്ല’’ എന്നോ മാത്രമായിരിക്കണം എന്നും ഇതിനപ്പുറമുള്ളതെല്ലാം പിശാചിൽനിന്നു വരുന്നു എന്നും വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു (മത്തായി 5:37). പ്രതിജ്ഞ ചെയ്ത് പാലിക്കാത്തവൻ, ദൈവത്തിന് യോഗ്യനല്ല എന്നും (സങ്കീർത്തനം 14) ദൈവനാമത്തിൽ കള്ളസത്യം ചെയ്യുന്നവൻ ദൈവകല്പനയാണ് ലംഘിക്കുന്നതെന്നും നമുക്കറിയാം.
പിന്നെ നാം എന്താണു സംസാരിക്കേണ്ടത്? വിശുദ്ധ ബൈബിൾ പറയുന്നു, “നിങ്ങളുടെ അധരങ്ങളിൽനിന്ന് തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ, കേൾവിക്കാർക്ക് ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്നതിനായി, അവരുടെ ഉന്നതിക്ക് ഉതകുംവിധം നല്ലകാര്യങ്ങൾ സന്ദർഭം അനുസരിച്ച് സംസാരിക്കുവിൻ.’’ (എഫേസൂസ് 4:29).
ഇപ്രകാരം ഉന്നതിക്ക് ഉതകുന്ന നല്ലകാര്യങ്ങൾ സന്ദർഭം അനുസരിച്ച് സംസാരിക്കാൻ നാം എന്തു ചെയ്യണം? നമ്മുടെ ഹൃദയത്തെ, ബുദ്ധിയെ, മനസിനെ നന്മകൊണ്ട് നിറയ്ക്കണം, ദൈവവചനംകൊണ്ട് നിറയ്ക്കണം, അങ്ങനെ നന്മകൊണ്ട് ഹൃദയം നിറയുന്പോൾ ഹൃദയത്തിന്റെ നിറവിൽനിന്ന് അധരം സംസാരിക്കും. വാക്കും പ്രവൃത്തിയും ഒന്നാകും. അങ്ങനെ വചനം മാംസം ധരിക്കും; ദൈവത്തിന്റെ വചനം ഈശോയിൽ മാംസം ധരിച്ചതുപോലെ.