വീണ്ടും കർഷക ദ്രോഹം ; വളം ലൈസൻസ് ഫീസ് കുത്തനെ കൂട്ടി
തോമസ് വർഗീസ്
Monday, December 2, 2024 5:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വളം ലൈസൻസ് ഫീസ് കുത്തനെ കൂട്ടി ഉത്തരവിറങ്ങി. ഇത്തരത്തിലുള്ള ഫീസ് വർധനവ് പരോക്ഷമായിട്ടാണെങ്കിലും കർഷകരെയാവും പ്രതികൂലമായി ബാധിക്കുക. സർക്കാരിന്റെ വരുമാന വർധനവിനുള്ള സാധ്യതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഫീസ് വർധനയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. വളം മിക്സിംഗ് ലൈസൻസ്, വളം മൊത്തവ്യാപാര ലൈസൻസ്, വളം ചില്ലറ വ്യാപാര ലൈസൻസ് എന്നിവയുടെ ഫീസാണ് കുത്തനെ വർധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്.
വളം മിക്സിംഗിന് പുതുതായി ഒരു ലൈസൻസ് എടുക്കണമെങ്കിൽ നല്കേണ്ടി വരിക 10000 രൂപയാണ്. നിലവിലുണ്ടായിരുന്ന ഫീസ് 750 രൂപയായിരുന്നു. ഇതോടെ 13 മടങ്ങോളം വർധയാണ് പുതിയ ലൈസൻസിനായി മുടക്കേണ്ടി വരുന്നത്. നിലവിലുള്ള ലൈസൻസ് പുതുക്കണമെങ്കിൽ നല്കേണ്ട ഫീസ് 5,000 രൂപയാണ്. 750 രൂപയായിരുന്ന ഫീസ് ഏഴു മടങ്ങ് വർധിപ്പിച്ചു. ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കുന്നതിനായി നിലവിൽ ഉണ്ടായിരുന്ന 750 രൂപയെന്ന ഫീസ് 1000 ആയി വർധിപ്പിച്ചു.
വളം മൊത്തവ്യാപാരത്തിനായി ഒരു പുതിയ ലൈസൻസ് ലഭ്യമാക്കാൻ ഈടാക്കിയിരുന്ന ഫീസ് 450 രൂപയിൽനിന്നും 10,000 രൂപയായി വർധിപ്പിച്ചു. 20 മടങ്ങിലധികം വർധനവ്. നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിന് ഇനി നല്കേണ്ട ഫീസ് 450 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. ചില്ലറ വില്പന ലൈസൻസിനായി ഇനി പുതിയ അപേക്ഷയ്ക്ക് 1,000 രൂപയാണ് നല്കേണ്ടത്. 38 രൂപയാണ് 1,000 രൂപയായി വർധിപ്പിച്ചത്. നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിന് 38 രൂപയെന്നത് 500 രൂപയായും വർധിപ്പിച്ചു.
വളം ലൈസൻസ് ഫീസ് വർധിപ്പിക്കുന്നത് സംബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഡയറക്ടർ നല്കിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഫീസ് വർധന നടപ്പാക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയതെന്നു കൃഷിവകുപ്പ് വ്യക്തമാക്കുന്നു.