വാഹന ഡീലർഷിപ്പ് സ്ഥാപനത്തിൽ ഒഴിവുകൾ: തിരിച്ചെത്തിയ പ്രവാസികൾക്ക് അപേക്ഷിക്കാം
Monday, December 2, 2024 4:30 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വാഹനഡീലർഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ (ഷോറൂം, സർവീസ് സെന്റർ) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും നോർക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. നിലവിൽ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേക്കാണ് അപേക്ഷ.
തിരിച്ചെത്തിയ പ്രവാസികേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. ജനറൽ മാനേജർ, സീനിയർ ടെക്നീഷൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്, ബോഡി ഷോപ്പ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്, ഡപ്യുട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകൾ.
നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി 16നകം അപേക്ഷ നൽകാം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നന്പറിൽ ബന്ധപ്പെടണം.