എയ്ഡഡ് സ്കൂൾ നിയമനം നിരോധിക്കാൻ സർക്കാർ നീക്കം
Monday, December 2, 2024 5:19 AM IST
തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് സ്കൂളുകളിലെ 2021 മുതലുള്ള സ്ഥിരനിയമനങ്ങൾ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നതായി പരാതി.
സ്ഥിരം ഒഴിവുകളിലേക്ക് 2021 മുതൽ മാനേജർമാർ നൽകിയ സ്ഥിരം നിയമനങ്ങൾ എല്ലാം റദ്ദ് ചെയ്തു ദിവസ വേതന അടിസ്ഥാനത്തിൽ നൽകണമെന്നതാണ് പുതിയ നിർദേശം. 2018 മുതൽ 2021 വരെ നിയമനം ലഭിച്ചവർക്ക് താത്കാലിക അടിസ്ഥാനത്തിലും 2021 മുതൽ സ്ഥിരം നിയമനം ലഭിച്ചവർക്ക് ദിവസവേതന അടിസ്ഥാനത്തിലും അംഗീകാരം നൽകണമെന്നും ഭിന്നശേഷി സംവരണം പാലിച്ചു കഴിയുന്പോൾ അവരെ ശന്പള സ്കെയിലിൽ സ്ഥിരപ്പെടുത്തണം എന്നുമായിരുന്നു ഇതുവരെയുള്ള ഉത്തരവ്.
മുൻകാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരമായി നിയമിതരായവരുടെ നിയമനങ്ങൾ 2021 പ്രാബല്യത്തിൽ റദ്ദ് ചെയ്ത് ദിവസവേതന അടിസ്ഥാനത്തിൽ പുതിയ നിയമനം നൽകാനുള്ള ഉത്തരവ് വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക. ദിവസ വേതന അടിസ്ഥാനത്തിൽ നിയമിതരാവുകയും അംഗീകാരം നേടുകയും ചെയ്യുന്നവർക്ക് പിന്നീട് സ്ഥിരനിയമനം ലഭിക്കാനിടയില്ല. 2021 മുതൽ ആർക്കും സ്ഥിരനിയമനം ലഭിക്കുകയില്ല എന്നതാണ് അവസ്ഥ. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഈ വർഷം തന്നെ ഇറക്കിയ പത്തിലധികം ഉത്തരവുകൾ പരസ്പരവിരുദ്ധവും അവ്യക്തവും ആയതിനാൽ നിയമനപ്രക്രിയകൾ എല്ലാം അവതാളത്തിലായിരിക്കുകയാണ് .
നിയമനത്തിന് മാനേജ്മെന്റുകൾ തയാറാണെങ്കിലും ഭിന്നശേഷിക്കാരെ ലഭിക്കാത്തതിന്റെ പേരിൽ നിയമനവും നിയമന അംഗീകാരവും തടസപ്പെട്ടു കിടക്കുകയാണ്. ഭിന്നശേഷിക്കാരെ ലഭിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആവശ്യപ്പെട്ടിട്ടും മൂന്ന് പത്രങ്ങളിൽ പരസ്യം ചെയ്തിട്ടും ലഭിച്ചില്ലെങ്കിൽ ഒഴിവുകൾ മൂന്നുവർഷം ഒഴിവാക്കിയിടണം എന്നതും സ്കൂളുകളിൽ സ്ഥിരം അധ്യാപകർ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.