ഗാന്ധി വധം: മാപ്പപേക്ഷിച്ച് സി.വി. ആനന്ദബോസ്
Monday, December 2, 2024 5:17 AM IST
കൊച്ചി: മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനുമേല്‍ ചാര്‍ത്തപ്പെട്ട ആരോപണം തന്റെ ഔദ്യോഗിക കാലഘട്ടത്തില്‍ വിശ്വസിച്ചിരുന്നെന്നും എന്നാല്‍ അത് തെറ്റാണെന്നു മനസിലാക്കി പിന്നീട് തിരുത്തിയെന്നും ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. അങ്ങനെ തെറ്റിധരിക്കപ്പെട്ടുപോയതില് മനഃസാക്ഷിയോടും സമൂഹത്തോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.
ഇരുളിലാണെങ്കിലും സത്യം സനാതനമാണ്. അത് എന്നെങ്കിലും തെളിഞ്ഞു വരും. ഓരോ ഭാരതീയനും ജാതിമത വ്യത്യാസമില്ലാതെ കൃഷ്ണന്റെയും ബുദ്ധന്റെയും യേശുവിന്റെയും നബിയുടെയും തത്വങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ ഭാരതീയ സംസ്കാരത്തിന്റെ മഹത്വത്തെ മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുരുക്ഷേത്ര ബുക്സ് മാനേജിംഗ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ബി. വിദ്യാസാഗര്‍, ജി. അമൃതരാജ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജസ്റ്റീസ് പി.എസ്. ഗോപിനാഥന് അധ്യക്ഷത വഹിച്ചു.
അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്, അഡ്വ. ഡി.ബി. ബിനു, സി.ജി. രാജഗോപാല്‍, ശ്രീജിത്ത് മാധവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.