പ്രിയങ്കയെ നെഞ്ചേറ്റി വയനാട്
Monday, December 2, 2024 5:18 AM IST
മാനന്തവാടി/സുൽത്താൻ ബത്തേരി/കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്കു നന്ദി പറയുന്നതിന് എത്തിയ പ്രിയങ്ക ഗാന്ധി വദ്ര എംപിയെ നെഞ്ചേറ്റി വയനാട് യുഡിഎഫ്. ജില്ലയിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളായ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലായിരുന്നു പ്രിയങ്കയുടെ നന്ദിപ്രകാശനം. എംപിയെ കാണാനും കേൾക്കാനും മൂന്നു കേന്ദ്രങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്.
സമ്മതിദായകരോടുള്ള സ്നേഹവും മണ്ഡലത്തിലെ വികസനപ്രശ്നങ്ങളിലുള്ള ആകുലതയും നിറഞ്ഞ അവരുടെ വാക്കുകൾ യുഡിഎഫ് പ്രവർത്തകർക്ക് ആവേശവും സാന്ത്വനവുമായി. വയനാട് മണ്ഡലത്തിനുവേണ്ടിയുള്ള പോരാട്ടം തന്റെ ഉത്തരവാദിത്തമാണെന്ന് വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കവേ പ്രിയങ്ക പറഞ്ഞു.