അഡീഷണൽ മാർഷലിനെതിരേ പരാതി നൽകിയ പോലീസുകാരനെ തെറിപ്പിച്ചു
Monday, December 2, 2024 5:17 AM IST
തിരുവനന്തപുരം: നിയമസഭയിലെ വാച്ച് ആൻഡ് വാർഡുകളെ അഡീഷണൽ ചീഫ് മാർഷൽ മാനസികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട പോലീസുകാരനെ മാറ്റി. നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച ഇദ്ദേഹത്തെ പോലീസിലേക്കു മടക്കി അയച്ചു. കൊല്ലം ജില്ലയിലെ കൊട്ടിയം സ്റ്റേഷനിൽ നിയമനവും നൽകി.
പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലാക്കിയതിനെ തുടർന്ന് പോലിസുകാരൻ അഡീഷണൽ ചീഫ് മാർഷലിനോട് അവധി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് പോലീസുകാരൻ പരാതി നൽകി.
സിപിഐ അനുഭാവിയായ പോലിസുകാരന്റെ വിഷയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ഇടപെട്ടിട്ടും അഡീഷണൽ മാർഷലിനെതിരേ നടപടി ഉണ്ടായില്ലെന്നാണ് വാച്ച് ആൻഡ് വാർഡുമാർ പറയുന്നത്.
രണ്ടാഴ്ച മുൻപ് അഡീഷണൽ ചീഫ് മാർഷലിന്റെ ശകാരത്തെ തുടർന്ന് വനിത വാച്ച് ആൻഡ് വാർഡ് കുഴഞ്ഞു വീണിരുന്നു. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ഇവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കുട്ടിക്ക് സുഖമില്ലാത്തതിനാൽ അവധി എടുത്ത വനിത വാച്ച് ആൻഡ് വാർഡ് ജോലിയിൽ തിരികെ പ്രവേശിച്ചപ്പോഴായിരുന്നു ശകാരം. വനിത വാച്ച് ആൻഡ് വാർഡിന്റെ ഭർത്താവ് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ എട്ടു മാസമായി ചീഫ് മാർഷൽ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. അഡീഷണൽ ചീഫ് മാർഷലിനാണ് ചുമതല. എംഎൽഎ മാർ ഉൾപ്പെടെ അഡീഷണൽ ചീഫ് മാർഷലിന്റെ നടപടികൾക്കെതിരേ പരാതി ഉയർത്തിയിട്ടും സിപിഎം അനുഭാവായായ ഇദ്ദേഹത്തെ മാറ്റാതെ സംരക്ഷിക്കുന്ന നടപടിയാണ് സ്പീക്കർ സ്വീകരിക്കുന്നതെന്നാണു പരാതി.