ആധിയായി തീ; കൊച്ചിയിലും നെടുമ്പാശേരിയിലും വൻ തീപിടിത്തം
Monday, December 2, 2024 5:18 AM IST
കൊച്ചി: നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനു സമീപം ആക്രി ഗോഡൗണില്‍ വൻ തീപിടിത്തം. ഉറങ്ങിക്കിടന്ന ഒമ്പതു തൊഴിലാളികളെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. സമീപത്തെ വീട് പൂര്‍ണമായും കത്തിനശിച്ചു. തീ ആളിക്കത്തിയതിനെത്തുടര്‍ന്ന് എറണാകുളം വഴി ആലപ്പുഴയിലേക്കുള്ള ട്രെയിന്‍ ഗതാഗതം രണ്ടു മണിക്കൂറിലധികം നിർത്തിവച്ചു.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ സൗത്ത് മേല്‍പ്പാലത്തിനു സമീപത്തെ സിനിമാ നിര്‍മാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിലായിരുന്നു സംഭവം. ജില്ലയുടെ വിവിധയിടങ്ങളില്‍നിന്നായി 17 ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി നാലു മണിക്കൂര്‍കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇടയ്ക്കിടെ തീ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം വരെ ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്ത് വെള്ളം നനയ്ക്കുന്ന ജോലികള്‍ തുടര്‍ന്നു. സമീപവാസി അജിയുടെ സമയോചിത ഇടപെടലാണു വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്. സംഭവത്തിനു പിന്നാലെ സമീപത്ത് താമസിച്ചിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്കു നീക്കി. തീപിടിത്തമുണ്ടായ ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാതെയാണെന്നു കണ്ടെത്തി.
ഗോഡൗണിനു സമീപം താമസിക്കുന്ന അജി പുലര്‍ച്ചെ പൊട്ടിത്തെറി കേട്ട് വീടിനു പുറത്തിറങ്ങിയപ്പോണ് സംഭവം അറിയുന്നത്. ഉടന്‍തന്നെ പ്രായമായ അമ്മ സരസ്വതിയെ വീട്ടില്‍ നിന്ന് സുരക്ഷിതഭാഗത്തേക്കു മാറ്റി. ഒപ്പം ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ഗോഡൗണിനുള്ളില്‍ തൊഴിലാളികള്‍ ഉറങ്ങിക്കിടന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും സമയോചിത ഇടപെടല്‍ മൂലം അകത്ത് കുടുങ്ങിക്കിടന്ന ഒമ്പത് പേരെയും സുരക്ഷിതമായി പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാള്‍ സ്വദേശികളുമായിരുന്നു ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 12 സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടി. സമീപത്തെ വൈദ്യതി ലൈനിലേക്കും തീ പടര്‍ന്നു. ജനവാസ മേഖലയിലായിരുന്നു തീപിടിത്തം. സുരക്ഷ മുന്നില്‍ കണ്ട് സമീപപ്രദേശത്തുള്ള ആളുകളെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സൗത്ത് പാലത്തിലൂടെയുള്ള വാഹനഗതാഗതത്തിനും ഈ സമയത്ത് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. അതേമയം ഗോഡൗണിനു സാമൂഹ്യവിരുദ്ധര്‍ തീ ഇട്ടതാണെന്നാണ് ഉടമയുടെ ആരോപണം.
അഗ്നിസുരക്ഷയില്ല
തീപിടിത്തമുണ്ടായ ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങള്‍ ഇല്ലാതെയെന്നും കണ്ടെത്തി. സംഭവത്തില്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്കു പ്രാഥമിക റിപ്പോര്‍ട്ട് നല്കി.
എന്‍ഒസി, ഫയര്‍ സേഫ്റ്റി എന്നിവ സംബന്ധിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
നെടുമ്പാശേരിയിൽ ഹോട്ടൽ പാർക്കിംഗ് ഏരിയയിൽ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ തീപിടിത്തം. കാറുകളും, ബൈക്കുകളും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ 12.05 ഓടെയാണ് ആപ്പിൾ റെസിഡൻസിയുടെ പാർക്കിംഗ് ഏരിയയിൽ തീപിടിത്തമുണ്ടായതെന്നു താമസക്കാർ പറഞ്ഞു. അങ്കമാലിയിൽനിന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തീ പിടിച്ച ഉടനെ 134 മുറികളുള്ള കെട്ടിടത്തിൽനിന്നു താമസക്കാർ പുറത്തിറങ്ങിയിരുന്നു.
പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ ഒരു യുവതിയെ ഗോവണി വച്ച് അഗ്നിശമനസേന പുറത്തെത്തിച്ചു. തീ പിടുത്തത്തിൽ ഒരു കാർ പൂർണമായും രണ്ടു കാറുകൾ ഭാഗികമായും കത്തിനശിച്ചു. നിരവധി ബൈക്കുകളും അഗ്നിക്കിരയായി.