ബിജോ പി. ബാബു കെസിവൈഎം. സംസ്ഥാന പ്രസിഡന്റ്, ക്രിസ്റ്റി ചക്കാലയ്ക്കൽ ജനറൽ സെക്രട്ടറി
Tuesday, January 21, 2020 12:24 AM IST
കോട്ടയം: കേരള കത്തോലിക്ക യുവജനപ്രസ്ഥാനമായ കെസിവൈഎം സംസ്ഥാന പ്രസിഡന്റായി മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബു തെരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, സംസ്ഥന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം നാലാം തവണയാണ് സംസ്ഥാന സമിതിയിലേക്കു വരുന്നത്.
കൊച്ചി രൂപതാംഗമായ ക്രിസ്റ്റി ചക്കാലയ്ക്കലാണ് ജനറൽ സെക്രട്ടറി. സംസ്ഥാന സിൻഡിക്കറ്റ്, സംസ്ഥാന സെനറ്റ് അംഗം, രൂപത പ്രസിഡന്റ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപതാംഗമായ ജയ്സണ് ചക്കേടത്ത്, താമരശേരി രൂപതാംഗമായ ലിമിന ജോർജ് എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡന്റുമാർ. തൃശൂർ അതിരൂപതാംഗമായ അനൂപ് പുന്നപ്പുഴ, മാവേലിക്കര രൂപതാംഗമായ സിബിൻ സാമുവേൽ, ബത്തേരി രൂപതാംഗമായ അബിനി പോൾ, വിജയപുരം രൂപതാംഗമായ ഡെനിയ സി. ജയൻ എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും കണ്ണൂർ രൂപതാംഗമായ ലിജേഷ് മാർട്ടിനെ സംസ്ഥാന ട്രഷററായും തെരഞ്ഞെടുത്തു. തൃശൂരിൽ നടന്ന കേരളത്തിലെ 32 രൂപതകളിലെ യുവജനപ്രതിനിധികൾ പങ്കെടുത്ത 41-ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുൻ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, സാജൻ ജോസ്, ഫാ.ഡിറ്റോ കൂള, ജോബി ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.