കോഴിക്കോട് അതിരൂപതയായി; ഡോ. ചക്കാലക്കൽ ആർച്ച്ബിഷപ്പ്
Sunday, April 13, 2025 2:17 AM IST
ഇ. അനീഷ്
കോഴിക്കോട്: കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തി. ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി നിയമിക്കുകയും ചെയ്തു. ഇന്ത്യൻ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് പ്രഖ്യാപനം നടത്തിയത്.
കോഴിക്കോട് ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മാർപാപ്പയുടെ പ്രഖ്യാപനം വായിച്ചു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല മാർപാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷ വായിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ കോഴിക്കോട് അതിരൂപതയുടെ കീഴിലായിരിക്കും.
മെത്രാഭിഷേകത്തിന്റെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ബിഷപ് ഡോ. ചക്കാലക്കലിനെ തേടി പുതിയ പദവിയെത്തിയത്. രണ്ടു വർഷം മുമ്പ് ശതാബ്ദി ആഘോഷിച്ച കോഴിക്കോട് രൂപത 102-ാം വർഷത്തിലേക്കു കടന്നപ്പോഴാണ് അതിരൂപതയായി ഉയർത്തപ്പെടുന്നത്. മലബാറിന്റെ വികസനചരിത്രത്തിൽ പ്രധാന പങ്കു വഹിച്ച കോഴിക്കോട് രൂപത 1923 ജൂൺ 12നാണ് നിലവിൽ വന്നത്.
മലബാറിനു ലഭിച്ച ഓശാനസമ്മാനമാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ആശംസയർപ്പിച്ചുകൊണ്ട് പറഞ്ഞു. മലബാറിലെ കുടിയേറ്റജനതയ്ക്കു ലഭിച്ച വലിയ അംഗീകാരമാണിത്.
അതിരൂപത പദവിയും ആർച്ച്ബിഷപ് പദവിയും ഒരുമിച്ചു ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും മാർ പാംപ്ലാനി കൂട്ടിച്ചേർത്തു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോണി, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി, വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ആശംസയര്‍പ്പിച്ചു.
ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന് എംപി, ടി.സിദ്ദിഖ് എംഎല്‍എ എന്നിവര്‍ കോഴിക്കോട് ബിഷപ്സ് ഹൗസില്‍ എത്തി.