കഴുതപ്പുറവും കുതിരപ്പുറങ്ങളും
Sunday, April 13, 2025 1:26 AM IST
ഫാ. ജോഷി മയ്യാറ്റിൽ
‘ദ ഡോങ്കി’ എന്ന ചെറുകവിതയിൽ ജി.കെ. ചെസ്റ്റർട്ടൻ ഓശാന ഞായറാഴ്ചയെ ഒളിപ്പിച്ചുവച്ചിട്ടുണ്ട്:
“എന്നെ പട്ടിണിക്കിട്ടോളൂ, അടിച്ചോളൂ, പരിഹസിച്ചോളൂ; ഞാൻ ഊമയാണ്; ഇനിയും ഞാൻ എന്റെ രഹസ്യം സൂക്ഷിക്കുന്നു.
വിഡ്ഢികൾ! എനിക്കും എന്റെ സമയം ഉണ്ടായിരുന്നു -ഏറെ കഠിനവും മധുരവുമായ ഒരു മണിക്കൂർ! അപ്പോൾ എന്റെ ചെവിക്കു ചുറ്റും ആർപ്പുവിളികൾ ഉണ്ടായിരുന്നു; എന്റെ കാലടികൾക്കു മുന്നിൽ കുരുത്തോലകളും”.
ഇവിടെ ചെസ്റ്റർട്ടൻ കണ്ട ഡിവൈൻ കോമഡിയിൽനിന്നു വ്യത്യസ്തമായി നമ്മൾ മറ്റൊന്നു കാണുന്നു: കുതിരപ്പുറത്ത് ഇരിക്കുന്നവർ കഴുതപ്പുറത്ത് ഇരിക്കുന്നവനോട് “ രക്ഷിക്കണേ” (ഹോസാന) എന്നു ദയനീയമായി വിളിച്ചുപറയുന്ന കാഴ്ച!
കഴുതപ്പുറത്തിരിക്കുന്നവന്റെ പേര് യെഹോഷുവാ അഥവാ യോഷുവാ എന്നാണ്. കർത്താവ് രക്ഷിക്കുന്നു എന്നർത്ഥം. അന്ന് അങ്ങനെയേ അവൻ വരൂ എന്ന് ബിസി അഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽത്തന്നെ സഖറിയാ പ്രവാചകനിലൂടെ വെളിപ്പെട്ടതാണ്: “സീയോന് പുത്രീ, അതിയായി ആനന്ദിക്കുക. ജറൂസലെം പുത്രീ, ആര്പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന് പ്രതാപവാനും ജയശാലിയുമാണ്. അവന് വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു” (സഖ 9,9).
‘ഓശാന’ വിളിക്കുന്നവരും ഏറ്റുവിളിക്കുന്നവരുമെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കുതിരപ്പുറങ്ങളിലാണ് - താൻപോരിമയുടെയും വെറുപ്പിന്റെയും യുദ്ധവെറിയുടെയും ആർത്തിയുടെയും അഴിമതിയുടെയും വഞ്ചനയുടെയും ആസക്തികളുടെയും വർഗീയതയുടെയും ഭീകരവാദത്തിന്റെയും ജാതി-വർണവെറികളുടെയും നിസംഗതയുടെയും കുതിരപ്പുറങ്ങളിൽ!
ഒരുവൻ മാത്രമേ കഴുതപ്പുറത്ത് ഉള്ളൂ. അവനോട് നമുക്കും അഭ്യർഥിക്കാം: ദയവായി ഈ കുതിരപ്പുറങ്ങളിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ!