സംസ്ഥാനത്തെ ഗോത്രവാസി ഊരുകളില്‍ സൗരോര്ജവിപ്ലവം
Sunday, April 6, 2025 12:40 AM IST
റെജി ജോസഫ്
കോട്ടയം: സംസ്ഥാനത്ത് വൈദ്യുതിയില്ലാത്ത എല്ലാ ആദിവാസി ഊരുകളിലും സമയബന്ധിതമായി സൗരോര്‍ജമെത്തിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ വകുപ്പും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് പദ്ധതിയൊരുക്കുന്നു.
ആദ്യഘട്ടമായി നാലു ജില്ലകളില്‍ ഏറ്റവും ഉള്‍പ്രദേശത്തുള്ള 750 ആദിവാസി വീടുകളില്‍ സൗരോര്‍ജ പ്ലാന്റുകൾ സ്ഥാപിച്ച് സര്‍ക്കാര്‍ ഏജന്‍സി അനര്‍ട്ട് സോളാര്‍ വൈദ്യുതി എത്തിക്കും.
196 കോടിയുടെ പദ്ധതിയില്‍ സംസ്ഥാന വൈദ്യുതിവകുപ്പ് 196 കോടി രൂപ മുടക്കും. വീടൊന്നിന് രണ്ട് മുതല്‍ മൂന്ന് കിലോവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കുമ്പോള്‍ എട്ട് യൂണിറ്റ് വൈദ്യുതിവരെ ലഭിക്കും.
പാലക്കാട്, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലെ 24 വിദൂര ഊരുകളിലെ വീടുകളിലാണ് ഇക്കൊല്ലം പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഇബി ലൈനുകളും പോസ്റ്റും സ്ഥാപിച്ച് വൈദ്യുതിയെത്തിക്കുക അസാധ്യമായ വനാന്തര കോളനികളില്കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് സോളാര്‍ വെളിച്ചം എത്തിക്കുക.
വനാന്തര മേഖലയിലെ പോസ്റ്റുകള്‍ മൃഗങ്ങള്‍ കുത്തിമറിക്കാനുള്ള സാധ്യത, ഷോക്ക് ഏല്‍ക്കാനുള്ള സാഹചര്യം, ലൈനുകളിലെ തകരാര്‍ പരിഹരിക്കുന്നതിലെ പരിമിതി എന്നിവയും സൗരോര്‍ജ വൈദ്യുതിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
നാലു ജില്ലകളിലെ ആദിവാസി വീടുകളില്‍ നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് ഈ മാസം സമര്‍പ്പിക്കും. നിലവില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ 98 ആദിവാസി വീടുകളില്‍ സൗരോര്‍ജം എത്തിക്കാനുള്ള നടപടിക്ക് കേന്ദ്രാനുമതി ലഭിച്ചു.
2017ല്‍ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതിവത്കരണ സംസ്ഥാനമായപ്പോഴും ഭൂരിഭാഗം ആദിവാസി ഊരുകളും ഇരുട്ടിലായിരുന്നു. ഭൂഗര്ഭകേബിളിലൂടെ അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളിലെ 92 വീടുകളില്‍ വൈദ്യുതിയെത്തിക്കാന്‍ വൈദ്യുതി ബോര്‍ഡിന് 6.2 കോടി രൂപ ചെലവുണ്ടായി.
കഴചിണ്ടക്കിയില് നിന്ന് 15 കിലോമീറ്റര്‍ കേബിളിലൂടെയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 11 കിലോവാട്ട് വൈദ്യുതി എത്തിച്ചത്. ഈ സാദ്ധ്യതപോലുമില്ലാത്ത ഊരുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുന്നത്.