യുവാവ് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ
Sunday, April 6, 2025 12:40 AM IST
വൈപ്പിൻ: ഒറ്റയ്ക്കു താമസിക്കുന്ന യുവാവിനെ വീടിന്റെ കാർപോർച്ചിൽ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പള്ളിപ്പുറം കോൺവന്റ് ബീച്ച് പുതിയ പാലത്തിനു പടിഞ്ഞാറ് താമസിക്കുന്ന മാവുങ്കൽ ആന്റണി - ഫിലോമിന ദമ്പതികളുടെ മകൻ സ്മിനു (44) ആണ് മരിച്ചത്.
സംഭവം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിൽനിന്നു സ്വർണമാലയും മൊബെൽ ഫോണും നഷ്ടമായിട്ടുണ്ട്. കൊലപാതകത്തിനുപിന്നിലെ ലക്ഷ്യം മോഷണമാകാമെന്നാണു പോലീസിന്റെ നിഗമനം.
എറണാകുളത്തെ സ്വകാര്യ കാർ ഷോറും ജീവനക്കാരനായ സ്മിനു വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞു വരുന്ന വഴി തുരുത്തിപ്പുറത്തുള്ള സുഹൃത്ത് പ്രജിത്തിന്റെ വീട്ടിൽ കയറിയിരുന്നു. അവിടെയുള്ള ക്ഷേത്രത്തിലെ ഉത്സവത്തിൽ സംബന്ധിക്കാനായിരുന്നു പോയത്.
രാത്രിതന്നെ തിരികെ വീട്ടിലേക്ക് പോരുകയും ചെയ്തു. ഇന്നലെ രാവിലെ സ്മിനുവിനെ പല പ്രാവശ്യം ഫോണിൽ വിളിച്ചിട്ടും സ്വിച്ച്ഡ് ഓഫ് മറുപടി ലഭിച്ചതിനെത്തുടർന്ന് പ്രജിത്ത് 9.30ന് പള്ളിപ്പുറത്തെ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണു മൃതദേഹം കണ്ടത്.
ഉടൻ മുനമ്പം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തലയിലും ചുണ്ടിലും സാരമായ പരിക്കുണ്ട്. സമീപത്തെ ഭിത്തിയിൽ രക്തം തെറിച്ച പാടുകളും ദൃശ്യമാണ്.
സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് ബീച്ച് റോഡിലൂടെ ഒരു കിലോമീറ്ററോളം ഓടി ഒരു റിസോർട്ടിനു സമീപത്തെത്തി നിന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും.
സ്മിനുവിന്റെ മാതാപിതാക്കൾ സഹോദരൻ സ്മിജുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ ഫെബി ഇരിങ്ങാലക്കുടയിൽ അധ്യാപികയാണ്. താമസവും ഇരിങ്ങാലക്കുടയിലാണ്.
സംഭവത്തിൽ ആലുവ റൂറൽ എസ്പി വൈഭവ് സക്സേനയുടെ നിർദേശാനുസരണം മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.