ജബല്‍പുര്‍ വിഷയത്തിലെ ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Saturday, April 5, 2025 3:05 AM IST
കൊച്ചി: ജബല്‍പുരില്‍ മലയാളി വൈദികര്ക്കുനേരേയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ഇതാണ് കുത്തിത്തിരിപ്പ്. എന്റെ നാവ് പോസ്റ്റ്മോര്‍ട്ടം ചെയ്തോളൂ. മനസ് പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്.
കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലേ, കേസെടുത്ത് അകത്തിടാന്‍ നോക്കിയില്ലേ. പാലയൂര്‍ പള്ളി പൊളിക്കാന്‍ വന്നില്ലേ. നിങ്ങളാരാ? നിങ്ങളാരോടാണു ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണു വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍” - എന്നുപറഞ്ഞാണ് കേന്ദ്രമന്ത്രി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോടു തട്ടിക്കയറിയത്.
ജബല്‍പുരില്‍ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു. ഈ മറുപടിയാണല്ലോ പറയേണ്ടതെന്ന മാധ്യമപ്രവര്‍ത്തകരുടെ മറുപടിക്കു പിന്നാലെ സുരേഷ്ഗോപി പ്രകോപിതനായി.
“അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടുവച്ചാ മതി” എന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിലെ ഒരു സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ അതിന് വേറൊരു അക്ഷരം മാറ്റണം അതിനകത്ത് എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.
വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്നുള്ള എംപിമാര്‍ രേഖപ്പെടുത്തിയ ആശങ്കകള്‍ക്ക് എന്തടിസ്ഥാനമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങള്‍ രാഷ്ട്രീയമൊന്നുമില്ലാത്ത, രാഷ്ട്രത്തോടു സ്നേഹമുള്ള, നല്ല ബുദ്ധിയും അറിവുമുള്ള, കുത്തിത്തിരിപ്പ് ഹൃദയത്തിലില്ലാത്ത വിചക്ഷണരോട് പോയി ചോദിക്കൂ.
അവര്‍ വാദിച്ച കാര്യങ്ങള്‍ എന്തായിരുന്നുവെന്ന്. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്ലിംകള്ക്ക് ഇതെല്ലാം കുഴപ്പമാണെന്നു പറഞ്ഞ് ഒരു ദുഷ്പ്രചാരണമല്ലേ അവര്‍ അവരുടെ വാദങ്ങളിലൂടെ പാര്‍ലമെന്റില്‍ നടത്തിയതെന്നും സുരേഷ് ഗോപി ചോദിച്ചു.
“വഖഫ് നന്മയുള്ള സ്ഥാപനമാണ്. അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചത്. അത് മുസ്ലിം സമുദായത്തിനും ഗുണം ചെയ്യും. ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.
മുസ്ലിംകൾക്കു കുഴപ്പമാകുമെന്നല്ലേ അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്” - സുരേഷ് ഗോപി പറഞ്ഞു. നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമുണ്ടോ എന്ന ചോദ്യത്തിന് “വെയിറ്റ് ചെയ്യൂ സര്, ഈ ബില്‍ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങള്‍. ജെപിസിയിലിട്ട് ഇതു കത്തിച്ചുകളയും എന്നു പറഞ്ഞ ആളുകളല്ലേ നിങ്ങളെന്നും” കേന്ദ്രമന്ത്രി പ്രതികരിച്ചു.