കുടുംബഭദ്രത
Saturday, April 5, 2025 3:05 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
ന്യായവും നീതിയും ഉറപ്പാക്കാനാണ് രാജ്യത്തു നീതിന്യായവകുപ്പും പോലീസും വക്കീലുമൊക്കെ. എന്നിട്ടും നീതി നിഷേധിക്കപ്പെടുകയാണെന്നാണ് എവിടെയും കേൾക്കുന്നത്. നീതിയെയും ന്യായത്തെയും പറ്റി ഈ പറഞ്ഞതെന്തെന്ന് കൊണ്ടാൽ: "എത്ര ന്യായമുള്ള കാര്യമായിരുന്നാലും കോടതിയിൽ പോകാതിരിക്കുന്നതാണ് നല്ലത്. കോടതി കയറിയാൽ നിങ്ങളുടെ കുടുംബം നശിക്കും. സമാധാനവും സന്പത്തും നശിക്കും' എന്നു ചാവറയച്ചൻ ചാവരുളിലൂടെ കുടുംബങ്ങളെ ഉപദേശിക്കുന്നു.
അയൽക്കാർ തമ്മിൽ, അപ്പനും മക്കളും തമ്മിൽ, മക്കൾ തമ്മിൽ വാദിയും പ്രതിയുമായി കോടതിയിൽ ഏറ്റുമുട്ടുന്നു. സ്വത്തു പണയപ്പെടുത്തിയും വിറ്റുതുലച്ചും കേസ് കളിക്കുന്നു, ഒടുവിൽ പാപ്പരാകുന്നു. കോടതി കയറിയിട്ടുള്ളവരൊക്കെ വേദനിച്ചിട്ടേയുള്ളൂവെന്നു ചാവരുൾ ഒാർമിപ്പിക്കുന്നു. നീതി നിർവഹണം ഭാരിച്ചതും പണച്ചെലവുള്ളതും സർക്കാർ കാര്യവുമായതിനാൽ "മുറപോലെ നടന്ന്'' കാലവിളന്പം വരുത്തി, വാദിയെയും പ്രതിയെയും "കുത്തുപാള' എടുപ്പിക്കും.
ക്ഷയിച്ചതെങ്ങനെ
നമ്മുടെ നാട്ടിൽ കൊടുത്തുക്ഷയിച്ച കുടുംബങ്ങളുണ്ട്, മദ്യപിച്ചും ധൂർത്തടിച്ചും തകർന്ന വീടുകളുണ്ട്, കേസുകളിച്ചു മുടിഞ്ഞ വീടുകളും ധാരാളം. ഇടവഴിയിൽനിന്ന ഒരു ആഞ്ഞിലി മരത്തിനുവേണ്ടി ഏഴ് കൊല്ലം കേസുകളിച്ച് ഒടുവിൽ കേസ് "രാജി'യായവർ, ജാമ്യംനിന്ന് നഷ്ടപ്പെട്ട 5000 രൂപയ്ക്കു വേണ്ടി 12 കൊല്ലം കേസുകളിച്ചവർ... കൈവായ്പ, ജാമ്യം, ഒറ്റി, പണയം, തീറ്, അതിരുതർക്കം, കയ്യാലപ്പുറത്ത് ഒരു ദിവസം ഇരിക്കേണ്ടി വന്ന തേങ്ങയുടെ ഉടമസ്ഥാവകാശം തുടങ്ങിയ നൂറു നൂറു പ്രശ്നങ്ങളെ ചൊല്ലിയുള്ള വാക്കുതർക്കങ്ങളും കേസുകളും സിവിലായും ക്രിമിനലായും നശിക്കുന്ന കുടുംബങ്ങൾ... ഒടുവിൽ ഇതൊന്നും വേണ്ടായിരുന്നു എന്ന പശ്ചാത്താപവും. ഒരു മേശയ്ക്കു ചുറ്റുമിരുന്നു പറഞ്ഞു തീർക്കുന്നതല്ലേ തല്ലിത്തീർക്കുന്നതിലും ബുദ്ധി?
കുടുംബങ്ങളുടെ കെട്ടുറപ്പിനും ഭദ്രതയ്ക്കും ചാവറയച്ചൻ നൽകുന്ന ചില ഉപദേശങ്ങൾ ഇങ്ങനെ: ഞായറാഴ്ച മുതലായ കടമുള്ള ദിവസങ്ങളിൽ അടിയന്തിരങ്ങൾ, ആഘോഷങ്ങൾ മുതലായവ നടത്തുന്നത് തിന്മകൾക്കും ആത്മനാശങ്ങൾക്കും കാരണമാകും.
കടമുള്ള ദിവസം കർത്താവിന്റെ ദിവസമാണ്. അതു പിശാചിന്റെ ദിനമാക്കരുത്. പ്രത്യേകമുള്ള ആവശ്യങ്ങൾക്കല്ലാതെ പണം വായ്പ വാങ്ങരുത്. മുന്പിൽ വാങ്ങിച്ചിട്ടുണ്ടെങ്കിൽ കഴിയും വേഗം തിരിച്ചു കൊടുക്കണം.
പരസ്നേഹത്തെപ്രതിയല്ലാതെ പണം വായ്പ കൊടുക്കരുത്. വലിയ സന്പന്നനാണെന്ന ഭാവത്തിൽ അഹങ്കാരത്തോടുകൂടി ജീവിക്കുന്നവൻ വേഗത്തിൽ ഭിക്ഷ തെണ്ടും. ആഘോഷങ്ങളും അടിയന്തിരങ്ങളും സ്വന്തം സ്വത്തിനും പ്രാപ്തിക്കും തക്കവണ്ണം നടത്തുക. അയൽപക്കങ്ങളിൽ സഞ്ചരിച്ച് അവരുടെ അറ്റകുറ്റങ്ങൾ അന്വേഷിക്കരുത്. ദൈവപേടിയും ക്രമവുമില്ലാത്ത വീടുകളുമായി ബന്ധുത്വം വേണ്ട.
പ്രധാന സന്പത്ത്
എല്ലാവക ആളുകളെയും വീട്ടിൽ കയറ്റരുത്; നല്ല മര്യാദയും ദൈവഭയവും ഉള്ളവരെ മാത്രം സ്വീകരിക്കുക. കുടുംബങ്ങളിൽ മാന്യതയില്ലാത്ത വർത്തമാനവും ക്രിസ്ത്യാനികൾക്കു യോജിക്കാത്ത സംസാരങ്ങളും പാടില്ല. മറ്റുള്ളവരുടെ കുറ്റങ്ങളെക്കുറിച്ചു പിറുപിറുക്കരുത്. മറ്റൊരുത്തന്റെ ദോഷം നിന്റെ വീട്ടിൽ പറയുന്പോൾ ആ ദോഷത്തിനുള്ള ശിക്ഷ നിന്റെ കുടുംബത്തിൽ വരും.
എപ്പോഴും പുതിയ വസ്തുക്കൾ വാങ്ങുന്നതിനു പകരം ഉള്ള സാധനങ്ങളെ നന്നായി ഉപയോഗിക്കാൻ ശ്രമിക്കണം. നിനക്കു സ്നേഹിതന്മാർ അധികം വേണ്ട. എന്നാൽ, ആയിരം പേരിൽനിന്ന് സൂക്ഷിച്ച് ഒരുത്തനെ സ്നേഹിതനാക്കണം.
ദൈവത്തെ സ്നേഹിക്കാത്തവൻ നിന്നെയും സ്നേഹിക്കില്ല. മോഷ്ടിച്ച വസ്തു ഒരു നാഴികനേരത്തേക്കെങ്കിലും വീട്ടിൽ സൂക്ഷിക്കരുത്. മോഷ്ടിച്ച വസ്തു കത്തിപ്പോകും. ഒരു കുടുംബത്തിന്റെ പ്രധാന സന്പത്ത് ദൈവപേടിയും ഭക്തിയും തന്നെ.