ഇലക്ഷൻ വകുപ്പിന് ഏകീകൃത കോൾ സെന്റർ ടോൾ ഫ്രീ നമ്പർ 1950
Saturday, April 5, 2025 1:38 AM IST
ചാത്തന്നൂർ: സംസ്ഥാന ഇലക്ഷൻ വകുപ്പിന്റെ ഏകീകൃത കോൾ സെന്റർ പ്രവർത്തനം തുടങ്ങി. ടോൾ ഫ്രീ നമ്പർ 1950 ആണ്. ഇതിന്റെ ഉദ്ഘാടനം ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ കേരള സ്റ്റേറ്റ് ഐടി മിഷനിൽ നിർവഹിച്ചു.
സംസ്ഥാന- ജില്ലാ തലങ്ങളിൽ പ്രവർത്തിച്ചിരുന്ന കോൾ സെന്ററുകൾ ഏകീകരിച്ച് 1950 എന്ന ഒറ്റ ടോൾ ഫ്രീ നമ്പരിലേക്ക് മാറുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐടി മിഷന്റെ മേൽനോട്ടത്തിൽ സെന്റർ പ്രവർത്തനം ആരംഭിച്ചത്.
ഇലക്ഷൻ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ, ലോകസഭ, രാജ്യസഭ, നിയമസഭ, തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാകും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സംശയ ദൂരീകരണങ്ങൾക്കും 1950 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താം. പഞ്ചായത്ത്, നഗരസഭ ഇലക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ 1950 ടോൾ ഫ്രീ നമ്പരിലൂടെ ലഭ്യമാകില്ല.