അമൃത വിശ്വവിദ്യാപീഠം വക വയനാട്ടിലെ 14 കേന്ദ്രങ്ങളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം
Saturday, April 5, 2025 3:05 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: അമൃത വിശ്വവിദ്യാപീഠം വയനാട്ടിൽ 14 കേന്ദ്രങ്ങളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു.
മേപ്പാടി പഞ്ചായത്തിലെ എളമ്പിലേരിമല, വെള്ളരിമല, അട്ടമല, അരണമല, കള്ളാടി, എരുമക്കൊല്ലി, ചെമ്പ്രമല, കല്ലുമല, മണിക്കുന്നുമല, പൊഴുതന പഞ്ചായത്തിലെ മേൽമുറി, കുറിച്യർമല, തൊണ്ടർനാട് പഞ്ചായത്തിലെ വാളാരംകുന്ന്, വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി, മുട്ടിൽ പഞ്ചായത്തിലെ മുട്ടിൽമല എന്നിവിടങ്ങളിലാണ് നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്.
മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അമൃത വിശ്വവിദ്യാപീഠം വയനാടിനുവേണ്ടി സംസ്ഥാന സർക്കാരിന് ദുരിതാശ്വാസ പാക്കേജ് സമർപ്പിച്ചിരുന്നു. ഉരുൾ ദുരന്തം അതിജീവിച്ചവർക്കു പിന്തുണ നൽകുന്നതിനു വിഭാവന ചെയ്ത 15 കോടി രൂപയുടെ പദ്ധതി പാക്കേജിൽ ഉൾപ്പെടും.
ഈ പദ്ധതിയുടെ ഭാഗമായാണ് ഉരുൾ പൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്. ഇതിനായി ഉപാധികളോടെ ഫീൽഡ്വർക്ക് ആരംഭിക്കുന്നതിനു വിശ്വവിദ്യാപീഠത്തിന് സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി.
അമൃത ഡൈനമിക് റീജണൽ മൾട്ടി ഹസാർഡ് റിസ്ക് മാനേജ്മെന്റ് പ്ലാറ്റ്ഫോം, ഉരുൾപൊട്ടൽ സാധ്യത മനസിലാക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും നിരീക്ഷണത്തിനുമുള്ള ഐഒടി സംവിധാനങ്ങൾ എന്നിവ വിശ്വവിദ്യാപീഠത്തിന്റെ പ്രോജക്ടിന്റെ ഭാഗമാണ്.