കരുവന്നൂര്‍ ബാങ്ക്: അന്വേഷണത്തെ വിമര്‍ശിച്ച് ഹൈക്കോടതി
Saturday, April 5, 2025 3:05 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നത് ഇഡി അന്വേഷണം തടയാനാണോയെന്ന് ഹൈക്കോടതി.
നാലു വര്‍ഷമായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാത്തതിനെ വിമര്‍ശിച്ചാണ് ജസ്റ്റീസ് ഡി.കെ. സിംഗ് ഈ ചോദ്യമുന്നയിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരനായ എം.വി. സുരേഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി കോടതി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നേരിട്ടു കോടതിയില്‍ ഹാജരായിരുന്നു.
കുറ്റപത്രം എപ്പോള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്കി. കേസ് വീണ്ടും പരിഗണിക്കുന്ന പത്തിന് കോടതിയില്‍ വീണ്ടും നേരിട്ടു ഹാജരാകാനും നിര്‍ദേശിച്ചു.