റവന്യു അവകാശങ്ങൾ സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം: ബിജെപി
Saturday, April 5, 2025 3:05 AM IST
വൈപ്പിൻ: മുനമ്പം നിവാസികളുടെ ഭൂമിയിലെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകാൻ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തു ബിജെപി ഭരണമല്ലാത്ത സാഹചര്യത്തിൽ മുനമ്പം നിവാസികളുടെ ഭൂമിയുടെ റവന്യു അവകാശം എന്നു തിരികെക്കിട്ടുമെന്ന് പറയാൻ പറ്റില്ല.
കുടിയിറക്കുഭീഷണി നേരിട്ട മുനമ്പം നിവാസികളെ അവരുടെ ജനപ്രതിനിധികൾ പോലും കൈവിട്ട സാഹചര്യത്തിലാണു തങ്ങൾ ഇടപെട്ടത്. ഒടുവിൽ അവർക്കുവേണ്ടി ഒരു നിയമംതന്നെ ഉണ്ടാക്കിയിരിക്കുകയാണ്.
പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ല് മുനമ്പം വിഷയത്തിന് പരിഹാരമാകില്ലെന്ന പ്രചാരണം വ്യാപകമാണ്. ഇതിൽ കഴമ്പില്ലെന്നുംബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല
ചെറായി: മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ഉയർന്ന അഴിമതിയാ രോപണത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ സംസ്ഥാനസർക്കാരിനു കഴിയില്ലെന്നും സർക്കാർ രാജിവച്ചു പോകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾക്ക് ഒരു കമ്പനി തുടങ്ങാൻ ബംഗളൂരുവിൽ പോകേണ്ടിവന്ന സാഹചര്യമാണെങ്കിൽ സംസ്ഥാനത്തെ സ്ഥിതി എന്താണെന്ന് പറയേണ്ടതില്ലല്ലോയെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.