മകൾക്കു പിന്നാലെ മുഖ്യമന്ത്രിയും കുടുങ്ങും: കുഴൽനാടൻ
Saturday, April 5, 2025 3:05 AM IST
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സിഎംആർഎൽ, എംപവർ ഇന്ത്യ എന്നീ കന്പനികളിൽ നിന്നു പണം നൽകിയത് എന്തിനാണെന്നതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ട് കോണ്ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ.
പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് കരിമണൽ കന്പനി നടത്തിവന്നിരുന്നത്. ഇതിനെതിരേ വിവിധ കോണുകളിൽനിന്നും ഭീഷണി ഉയർന്ന സാഹചര്യത്തിൽ കന്പനിയുടെ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പണം നൽകിയതെന്നാണ് കന്പനിയുടെ വിശദീകരണം.
നിലവിൽ വീണ വിജയൻ പ്രതിപ്പട്ടികയിലായി. താമസിയാതെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപ്പട്ടികയിലാകും.
ആലപ്പുഴ തോട്ടപ്പള്ളിയിൽ ഭൂപരിധി നിയമം ലംഘിച്ച് കർത്ത ഭൂമി കൈവശം വച്ചിട്ടുണ്ട്. കരിമണൽ കന്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വഴിവിട്ട സഹായം ചെയ്തു കൊടുത്തത് പിണറായി വിജയനാണ്.
മാസപ്പടി കേസ് വന്നപ്പോൾ രണ്ടു കന്പനികൾ തമ്മിൽ സുതാര്യമായ ഇടപാടാണെന്നാണ് അന്നു സിപിഎം പറഞ്ഞത്. മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎമ്മിന്റെ അടിവേരിളകും. വിജിലൻസ് അന്വേഷണം തള്ളിയെങ്കിലും പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും കുഴൽനാടൻ പറഞ്ഞു.