യുഡിഎഫ് വന്നാൽ മുനന്പത്ത് പത്തു മിനിറ്റിൽ പരിഹാരം: സതീശൻ
Saturday, April 5, 2025 3:05 AM IST
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പത്തു മിനിറ്റു കൊണ്ട് മുനമ്പത്തെ ഭൂമിപ്രശ്നം പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രശ്നപരിഹാരം വൈകിച്ച് ബിജെപിയുടെ രാഷ്ട്രീയതാത്പര്യത്തിന് കേരള സര്‍ക്കാരും സിപിഎം നേതാക്കളും കുടപിടിച്ചുകൊടുക്കുകയാണ്.
വഖഫ് ബില്ലിന്റെ പേരില്‍ മുനമ്പം നിവാസികളെ ബിജെപി തെറ്റിദ്ധരിപ്പിക്കുകയാണ്. വഖഫ് ബില്‍ പാസായതുകൊണ്ട് മുനമ്പത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകില്ല. നിയമത്തിന് മുന്‍കാല പ്രാബല്യം ഇല്ലെന്ന് കേന്ദ്രമന്ത്രിതന്നെയാണു പറഞ്ഞത്. ബിൽ പാസാക്കിയതുകൊണ്ട് മുനമ്പം വിഷയം എങ്ങനെ പരിഹരിക്കുമെന്നുകൂടി ബിജെപി നേതാക്കള്‍ പറയണം.
മുനമ്പത്തെ നിയമപരമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ യുഡിഎഫ് പരിശോധിച്ചിട്ടുണ്ട്. മുനമ്പത്ത് ആരു ചെന്നാലും അവരെയൊക്കെ സ്വീകരിക്കും. കാര്യങ്ങൾ സഭാ നേതൃത്വത്തെ യുഡിഎഫ് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സിപിഎമ്മാണ് മുനമ്പം വിഷയമുണ്ടാക്കിയത്. വിഎസ് സർക്കാരിന്റെ കാലത്തെ നിസാര്‍ കമ്മീഷനാണു പ്രശ്നമുണ്ടാക്കിയത്. പിന്നീട് യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ? 2019ല്‍ നികുതി അടയ്ക്കരുതെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയത് ഏതു സര്‍ക്കാരാണ്? സിപിഎം നിയമിച്ച വഖഫ് ബോര്‍ഡാണ്, വഖഫ് ഭൂമിയാണെന്ന വാശി പിടിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.