മാസപ്പടി: മുഖ്യമന്ത്രിയുടെ രാജിക്ക് യുഡിഎഫ്; പ്രതിരോധിക്കാൻ സിപിഎം
Saturday, April 5, 2025 3:05 AM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യം കടുപ്പിക്കാൻ യുഡിഎഫ്. അടുത്ത ദിവസം യുഡിഎഫ് യോഗം ചേർന്നു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമര പരിപാടികൾക്കു രൂപം നൽകും.
കോണ്‍ഗ്രസിന്റെ സമര പരിപാടികൾ കെപിസിസി തീരുമാനിക്കും. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചു വിവിധ സമരപരിപാടികൾക്കു നേതൃത്വം നൽകും. കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചിരുന്നു.
രാജിവരെ കടുത്ത സമരപരിപാടികളുമായി മുന്നോട്ടു പോകാനാണു നിർദേശം. വരും ദിവസങ്ങളിൽ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ചുകളുമുണ്ടാകും.
അതേസമയം, മുഖ്യമന്ത്രിക്കും മകൾക്കും പൂർണ രാഷ്ട്രീയ സംരക്ഷണം നൽകുന്ന പ്രസ്താവനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ഇന്നലെ സ്വീകരിച്ചത്. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി ആക്രമിക്കുന്നതിനാണ് എസ്എഫ്ഐഒയെ ഉപയോഗിച്ചു മകൾക്കെതിരേ കേസെടുത്തതെന്നാണ് സിപിഎം നേതാക്കളുടെ വാദം.
മധുരയിൽ പാർട്ടി കോണ്‍ഗ്രസ് നടക്കുന്ന സാഹചര്യത്തിൽ മുതിർന്ന സിപിഎം നേതാക്കളെല്ലാം അവിടെയാണ്. പോളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, പിബി അംഗം എം.എ. ബേബി അടക്കമുള്ള കേരളത്തിലെ മുതിർന്ന നേതാക്കളെല്ലാം മുഖ്യമന്ത്രിയെ പിന്തുണച്ചു രംഗത്തെത്തി.
അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ കേസുണ്ടായപ്പോൾ, വ്യക്തിപരമായി നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണനും പാർട്ടിയും തീരുമാനിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള കേസ് രാഷ്ട്രീയമായി നേരിടാൻ തീരുമാനിച്ചതും പാർട്ടിയിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
വീണയ്ക്കെതിരേ വിജിലൻസ് അന്വേഷണ ആവശ്യ നിർദേശം കഴിഞ്ഞ ആഴ്ച കോടതി തള്ളിയിരുന്നു. പരാതിയിൽ കഴന്പില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരാതി തള്ളിയതെന്നു വാദിച്ച സിപിഎമ്മിന് മാസപ്പടി കേസിലെ എസ്എഫ്ഐഒ നടപടി കടുത്ത തിരിച്ചടി കൂടിയാണ് സമ്മാനിച്ചത്.
ഇതിനിടെയാണ് രാഷ്ട്രീയ മായ പ്രതിരോധ കവചമൊരുക്കാനുള്ള സിപിഎം തീരുമാനം. എന്നാൽ, എൽഡിഎഫിലെ പല ഘടകകക്ഷികൾക്കും സിപിഎം തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിലും ആരും പരസ്യമായി രംഗത്തു വന്നിട്ടില്ല.
എന്നാൽ, മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള നടപടി രാഷ്ട്രീയ പ്രതികാരമല്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ട കേസാണെന്നും വ്യക്തമാക്കി ബിജെപി നേതൃത്വവും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ബിജെപിയും വരും ദിവസങ്ങളിൽ സമരങ്ങൾ കടുപ്പിക്കും. ഇന്നലെ യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയിരുന്നു.