നെല്ലു സംഭരണം; ശാസ്ത്രീയ ഗുണനിലവാര പരിശോധന അനിവാര്യം: മന്ത്രി ജി.ആർ. അനിൽ
Saturday, April 5, 2025 3:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലു സംഭരണം അട്ടിമറിക്കാനും പരാജയമാണെന്നു വരുത്തിത്തീർക്കാനും ചില കേന്ദ്രങ്ങളിൽനിന്ന് ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് മന്ത്രി ജി.ആർ. അനിൽ.
കർഷകരുടെ മറവിൽ ചില നിക്ഷിപ്ത താത്പര്യക്കാർ രംഗത്തുവരുന്നതായി കാണുന്നുണ്ട്. നെല്ല് കൊയ്തിട്ടു ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ലെന്ന പ്രചാരണം തികച്ചും വാസ്തവവിരുദ്ധമാണ്.
കൊയ്ത്ത് ആരംഭിക്കുന്നതിനും വളരെ മുന്‍പു തന്നെ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അനിൽ പറഞ്ഞു.
2024-25 സംഭരണ വർഷത്തെ ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽനിന്നായി 1,45,619 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു.
രണ്ടാംവിള നെല്ല് സംഭരണം ഊർജിതമായി നടന്നുവരികയാണ്. ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടണ്‍ സംഭരിച്ചു കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടണ്‍ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടണ്‍ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കുന്നു.
പാലക്കാട് ജില്ലയിൽ ഏകദേശം 45 ശതമാനവും കുട്ടനാട് മേഖലയിൽ 70 ശതമാനവും കൊയത്തു പൂർത്തിയായി. മാർച്ച് 15 വരെ പിആർഎസ് അപ്രൂവ് ചെയ്ത കർഷകർക്കു വില നൽകാനാവശ്യമായ നടപടി സ്വീകരിച്ചതായും ബാങ്കുകളിൽനിന്നു കർഷകർക്കു തുക നൽകി വരുന്നതായും മന്ത്രി പറഞ്ഞു.
കിഴിവിനെ സംബന്ധിച്ച തർക്കം മൂലമാണു നെല്ലെടുപ്പു പല പാടശേഖരങ്ങളിലും വൈകാൻ ഇടയാകുന്നത്. കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ മൂലമാണു കിഴിവ് ആവശ്യമായി വരുന്നത്. സംസ്ഥാന സർക്കാരിന് അതിൽ ഒന്നും ചെയ്യാൻ കഴിയുകയില്ലെന്നും മന്ത്രി പറഞ്ഞു.