ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം ; സുഹൃത്തിനെതിരേ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ്
Saturday, April 5, 2025 1:38 AM IST
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിനിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ തിരുവനന്തപുരം പേട്ടയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരേ ബലാത്സംഗം അടക്കമുള്ള കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
വിവാഹ വാഗ്ദാനം നൽകി യുവതിയെ തിരുവനന്തപുരത്തും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ വകുപ്പും ഉൾപ്പെടുത്തി. എന്നാൽ, സുകാന്തിനെതിരേ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടില്ല.
മുൻകൂർ ജാമ്യാപേക്ഷയുമായി സുകാന്ത് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെ കേസിൽ പ്രതി ചേർത്തിരുന്നു.
ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷ് രാജ്യംവിട്ടു പോകാതിരിക്കാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയ്ക്കു സമീപം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സഹപ്രവർത്തകനായിരുന്ന സുകാന്തുമായുള്ള ബന്ധം തകർന്നതിലെ മനോവിഷമമാണ് മകളെ മരണത്തിലേക്കു തള്ളിവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
ഇരുവരും തമ്മിലുള്ള ബന്ധം തകരാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. യുവതി മരിച്ചതിനു ശേഷം ഫോണ് സ്വിച്ച് ഓഫ് ചെയ്ത് സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്.
മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിച്ചിരുന്നതായും പറയുന്നു.