മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് പിന്തുണയുമായി പി. ജയരാജന്റെ എഫ്ബി പോസ്റ്റ്
Saturday, April 5, 2025 3:05 AM IST
കണ്ണൂർ: സിഎംആർഎലിൽനിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ മാസപ്പടി കൈപ്പറ്റിയെന്നത് അസംബന്ധമായ ആരോപണമാണെന്ന് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏത് ഇന്ത്യൻ പൗരനും തന്റെ വിദ്യാഭ്യാസമനുസരിച്ച് തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവകാശമുണ്ട്.
വീണയ്ക്കെതിരേ വാളോങ്ങുന്ന മാത്യു കുഴൽനാടൻ കെഎംഎൻപി ലോ എന്ന തന്റെ സ്ഥാപനം വഴി വക്കീൽ ഫീസ് വാങ്ങി പണം സമ്പാദിച്ചതുപോലെ വീണയ്ക്കും അവരുടെ പ്രഫഷണൽ യോഗ്യതയനുസരിച്ച് നിയമാനുസൃതമായ കരാറുകളിൽ ഏർപ്പെടാനും നൽകുന്ന സേവനങ്ങൾക്ക് പ്രതിഫലം കൈപ്പറ്റാനും അവകാശമുണ്ട്.
മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് നിയമാനുസൃതമായ കരാറിലൂടെ ചെയ്ത ജോലിക്ക് പ്രതിഫലം വാങ്ങാൻ പാടില്ലെന്ന് ഒരു നിയമവും പറയുന്നില്ല. നിയമാനുസൃതം നൽകിയ സേവനത്തിനു മതിയായ പ്രതിഫലം വാങ്ങുന്നത് എങ്ങനെയാണ് മാസപ്പടിയാകുന്നത് ?
സിഎംആർഎലിലെ ഒരു കീഴുദ്യോഗസ്ഥൻ ഇൻകം ടാക്സ് ഇന്ററിംഗ് സെറ്റിൽമെന്റ് ബോർഡിന് മുമ്പാകെ നൽകിയതും പിന്നീട് പ്രസ്തുത കമ്പനിയും ഉദ്യോഗസ്ഥനും ഔദ്യോഗികമായി പിൻവലിക്കുകയും ചെയ്ത മൊഴിയെ ആധാരമാക്കിയാണ് മാത്യു കുഴൽനാടൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.
കമ്പനിയിലെ ഉദ്യോഗസ്ഥനോട് ആദായനികുതി ഉദ്യോഗസ്ഥർ പരിശോധനാ വേളയിൽ അവർക്ക് ലഭിക്കേണ്ട തരത്തിലുള്ള ചില നിക്ഷിപ്ത ലക്ഷ്യത്തോടെ ചോദ്യങ്ങൾ ചോദിച്ചുവെന്നും അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെ തെറ്റായ രൂപത്തിൽ വ്യാഖ്യാനിച്ചു എന്നും കമ്പനി ഇന്ററിംഗ് സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ സത്യപ്രസ്താവന നടത്തിയിട്ടുണ്ട്.
നിയമാനുസൃതമായ കരാർ വഴി സേവനത്തിന് കൂലി കൈപ്പറ്റിയ വീണയെ കരിവാരി തേച്ചത് അവരുടെ ബന്ധുത്വം എന്ന ഒറ്റ കാരണത്താലാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പി. ജയരാജൻ പോസ്റ്റിൽ പറയുന്നു.