പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സുരേഷ് ഗോപിക്ക്: അഡ്വ. ജോസഫ് ടാജറ്റ്
Saturday, April 5, 2025 3:05 AM IST
തൃശൂർ: ജബൽപുരിൽ തൃശൂർ സ്വദേശിയായ ഫാ. ഡേവിസ് ജോർജിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തുവെന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സ്ഥലം എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് ഉണ്ടെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്.
ജനപ്രതിനിധിയെന്ന നിലയിൽ സുരേഷ്ഗോപിയുടെ പ്രതികരണം വേദനാജനകമാണ്. സഭയിൽ ന്യൂനപക്ഷ സംരക്ഷകനായി സംസാരിക്കുന്ന എംപി പുറത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നത് കണ്ടില്ലെന്നു നടിക്കുകയാണ്.
ആക്രമിക്കപ്പെട്ടത് സ്വന്തം മണ്ഡലത്തിലെ കുടുംബക്കാരനായ വൈദികനായതുകൊണ്ട് അദ്ദേഹത്തിന്റെ വസതി സന്ദർശിക്കാനുള്ള മര്യാദ എംപി കാണിക്കണമെന്ന് വൈദികന്റെ വസതിയിലെത്തി സഹോദരനെ സന്ദർശിച്ച ഡിസിസി പ്രസിഡന്റ് പറഞ്ഞു.
നേതാക്കളായ മുൻ മേയർ ഐ.പി. പോൾ, ബൈജു വർഗീസ്, സിജോ ജോർജ്, ടി.വി. ചന്ദ്രൻ, ജോർജ് ചാണ്ടി, ജോസ് പറമ്പൻ, പ്രവീണ്‍ ലാൽ, അരുണ്‍ സണ്ണി എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.