മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം; ഹര്‍ജി തള്ളി ഹൈക്കോടതി
Saturday, March 29, 2025 2:07 AM IST
കൊച്ചി: എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
മാത്യു കുഴല്നാടന് എംഎല്‍എയും പൊതുപ്രവര്‍ത്തകനായിരുന്ന പരേതനായ ഗിരീഷ് ബാബുവും സമര്‍പ്പിച്ച റിവ്യു ഹര്‍ജികളാണ് ജസ്റ്റീസ് കെ. ബാബു തള്ളിയത്. പരാതികളില്‍ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതകളില്ലെന്നും മുഖ്യമന്ത്രിക്ക് സാമ്പത്തിക നേട്ടമുണ്ടായെന്നതിനു തെളിവുകളില്ലെന്നുമുള്ള വിജിലന്‍സ് കോടതികളുടെ വിലയിരുത്തല്‍ ശരിവച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തവ്.
ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസില്‍ മേല്‍നടപടികള്‍ അനുവദിക്കാനാകില്ലെന്ന സുപ്രീംകോടതി ഉത്തരവുകള്‍ പരിഗണിക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി അംഗീകരിച്ചു.
രാഷ്ട്രീയ നേതാക്കള്‍ക്കു പണം നല്‍കിയെന്ന ഡയറിക്കുറിപ്പുകളോ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്‍പാകെ നല്കിയ മൊഴികളോ അന്വേഷണത്തിന് ഉത്തരവിടാനാകും വിധം തെളിവാകില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
ധാതുമണല്‍ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിഎംആര്‍എലും വീണയുടെ കമ്പനിയായിരുന്ന എക്സാലോജിക് സൊല്യൂഷന്‍സുമായുള്ള 1.72 കോടി രൂപയുടെ ഇടപാടിലായിരുന്നു കേസ്.
ഇതു ഫലത്തില്‍ മുഖ്യമന്ത്രിക്കുള്ള കോഴപ്പണമാണെന്നും സിഎംആര്‍എല്ലിന് സര്‍ക്കാര്‍ നല്കിയ വഴിവിട്ട സഹായങ്ങള്‍ക്ക് പ്രത്യുപകാരമാണെന്നുമായിരുന്നു ഹര്‍ജികളിലെ ആരോപണം.
ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. സംശയത്തിന്റെ പിന്‍ബലത്തിലാണ് വാദങ്ങളെന്നും കോടതി പറഞ്ഞു.
വിജിലന്‍സ് അന്വേഷണം തിരുവനന്തപുരം, മൂവാറ്റുപുഴ വിജിലന്‍സ് കോടതികള്‍ തള്ളിയതിനെതിരേയായിരുന്നു റിവ്യൂ ഹര്‍ജികള്‍.
ഇതിനിടെ ഹര്‍ജിക്കാരനായ ഗിരീഷ്ബാബു മരണപ്പെട്ടതിനാല്‍ അമിക്കസ് ക്യൂറിയെ വച്ചാണ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കിയത്.