പാതിവില തട്ടിപ്പ്: പണം പോയത് 33,000 പേര്‍ക്ക്
Sunday, February 9, 2025 4:58 AM IST
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാതിവില തട്ടിപ്പുകേസില്‍ പണം നഷ്ടമായത് 33,000 പേര്‍ക്കാണ്. വിവിധ സാധനങ്ങള്‍ പാതിവിലയ്ക്ക് നല്‍കാമെന്ന വാഗ്ദാനവുമായി 98,000പേരില്‍ നിന്നാണ് പ്രതി അനന്തു കൃഷ്ണന് പണം കൈപ്പറ്റിയത്. ഇതില്‍ 65,000 പേര്‍ക്ക് സാധനങ്ങള്‍ നല്‍കിയെന്ന് പോലീസ് കണ്ടെത്തി.
നിലവില്‍ സംസ്ഥാനത്ത് മൂവായിരത്തോളം പരാതികള്‍ മാത്രമാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. പണം നഷ്ടമായ 30,000 പേര് ഉടന്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലീസ് കരുതുന്നത്.
തട്ടിപ്പിന്റെ ആകെ വ്യാപ്തി ഇനിയും കണക്കാക്കാന്‍ പോലീസിനു കഴിഞ്ഞിട്ടല്ല. നിലവിലെ കണക്കനുസരിച്ച് 40,000 പേരില്‍നിന്ന് സ്കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് 60,000 രൂപ വീതം കൈപ്പറ്റി. ഇതില്‍ 18,000 പേര്‍ക്ക് മാത്രമാണ് വാഹനം നല്‍കിയത്. 13,000 പേരില്‍ നിന്ന് തയ്യല്‍ മെഷീന്റെ പേരില്‍ പണം വാങ്ങിയിരുന്നു. ഇത് പൂര്‍ണമായും കൊടുത്തു തീര്‍ത്തതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ലാപ്ടോപ്പിന്റെ പേരില്‍ 15,000 പേരില്‍ നിന്നായി 30,000 രൂപയും, രാസവളത്തിന്റെ പേരില്‍ 45,000 രൂപ വീതം 20,000 പേരില്‍ നിന്ന് അനന്തു വാങ്ങിയതായുള്ള രേഖകളും പോലീസ് കണ്ടെടുത്തു. ഇവയില്‍ 11,000 പേര്‍ക്കാണ് ഇനി നല്‍കാനുള്ളത്.
പങ്ക് പറ്റിയവരിലേക്കും അന്വേഷണം
പ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തിയ കോടികളുടെ പങ്ക് കൈപ്പറ്റിയവരിലേക്കും അന്വേഷണം നീളുന്നു. രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യുന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വിശദമായ പരിശോധനകള്‍ക്കു ശേഷമേ ഉണ്ടാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
അനന്തുവിന്റെ മൊഴി പ്രകാരം പണം വാങ്ങി എന്ന് ആരോപിക്കുന്നവരുടെ ബാങ്ക് രേഖകൾ പരിശോധിക്കുന്നുണ്ട്. ആരോപണം തെളിഞ്ഞാല്‍ ഇവരെ കേസില്‍ പ്രതിചേര്‍ക്കും.
പ്രതിക്ക് അഞ്ചിടത്ത് ഭൂമി, രാഷ്ട്രീയ നേതാക്കൾക്കും പണം നല്കി
അനന്തുവിന് ഇടുക്കി, കോട്ടയം ജില്ലകളിലായി അഞ്ചിടങ്ങളില്‍ ഭൂമി വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. മുട്ടത്ത് 85 ലക്ഷം രൂപയ്ക്ക് 50 സെന്റ് സ്ഥലവും കുടയത്തൂരില്‍ രണ്ടിടത്തായി 40 ലക്ഷം രൂപയുടെ ഭൂമിയും വാങ്ങി. ഇതിനു പുറമെ കുടയത്തൂരില്‍ 50 സെന്റിന് അഡ്വാന്‍സും നല്‍കിയിരുന്നു. ഈരാറ്റുപേട്ടയില്‍ 23 സെന്റ് സ്ഥലമാണ് വന്‍തുക നല്കി വാങ്ങിയത്.
തെളിവെടുപ്പു നടത്തി
തൊടുപുഴ: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയായ അനന്തു കൃഷ്ണനെ ഇടുക്കിയിലെത്തിച്ച് തെളിവെടുപ്പു നടത്തി. തട്ടിപ്പിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. ശങ്കരപ്പള്ളി, കോളപ്ര, കുടയത്തൂര്‍ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും പ്രതിയെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാലു ലക്ഷം വരെ വിലമതിക്കുന്ന ഭൂമിയാണ് പ്രതി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ബെനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സ്വന്തം നാടായ കുടയത്തൂരില്‍ എത്തിച്ചെങ്കിലും ഇവിടെ പോലീസ് ജീപ്പില്‍നിന്നു പ്രതിയെ ഇറക്കിയില്ല. ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തും.