നവീൻ ബാബുവിന്റെ മരണം: കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതല്ലെന്ന് സഹോദരൻ
Saturday, February 8, 2025 1:42 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം കുടുംബം ഒരിടത്തും ആവശ്യപ്പെട്ടിരുന്നില്ലെന്ന് സഹോദരൻ പ്രവീൺ ബാബു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം പരാമർശിച്ചിരുന്നില്ല. അങ്ങനെ ആവശ്യപ്പെടാൻ സീനിയർ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നുമില്ല.
സിബിഐ അന്വേഷണം എന്ന ഒറ്റ ആവശ്യം മാത്രമായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. ഹർജിക്കാരിയുടെ താത്പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അങ്ങനെ ഒരാവശ്യം അഭിഭാഷകൻ വാദമധ്യേ ഉന്നയിച്ചത് .
തങ്ങൾക്ക് അങ്ങനെ ഒരു ആവശ്യമില്ലെന്നു ഹൈക്കോടതിയെ ബോധ്യപ്പെടുത്തണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. അതു ചെയ്തുകൊള്ളാമെന്ന് അഭിഭാഷകന്റെ ഓഫീസിൽനിന്നും ഉറപ്പു തന്നിരുന്നതുമാണ്.
എന്നാൽ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടപ്പോൾ തനിക്കു താത്പര്യമില്ലെന്ന് അറിയിക്കുകയാണ് അഭിഭാഷകനായ ശ്രീകുമാർ ചെയ്തത് . ഇദ്ദേഹത്തിന്റെ ഓഫീസിൽനിന്നു വക്കാലത്ത് ഒഴിഞ്ഞു വാങ്ങിയിരിക്കുകയാണെന്നും പ്രവീൺ ബാബു പറഞ്ഞു.