ഷെറിനു ജയിലിൽ സുഖജീവിതം; പരാതിപ്പെട്ടപ്പോൾ ഭീഷണി: മുൻ സഹതടവുകാരിയുടെ വെളിപ്പെടുത്തൽ
Saturday, February 8, 2025 1:42 AM IST
തൃശൂർ: ഭാസ്കര കാരണവർ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി എം.എസ്. സുനിത. അട്ടക്കുളങ്ങര ജയിലിൽ ഷെറിനു വിഐപി പരിഗണന ലഭിച്ചു. സൗന്ദര്യവർധകവസ്തുക്കളടക്കം ഉപയോഗിച്ചു.
അന്നത്തെ ജയിൽ ഡിഐജിയാണ് ഇതിനെല്ലാം പിന്നിലെന്നും സുനിത ആരോപിക്കുന്നു. ഇതിനെതിരേ, ടി.പി. സെൻകുമാർ ഡിജിപിയായിരുന്ന സമയത്തു പരാതി നൽകിയെങ്കിലും ഭീഷണിപ്പെടുത്തുകയാണുണ്ടായതെന്നും അവർ പറഞ്ഞു. വധശ്രമക്കേസിൽ ജയിലിലായിരുന്ന തൃശൂർ പത്താംകല്ല് സ്വദേശിയായ സുനിത നിലവിൽ അപ്പീൽ ജാമ്യത്തിലാണ്.
ഭാസ്കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഷെറിനു നല്ലനടപ്പിന്റെ പേരിൽ ശിക്ഷയിളവു നൽകാനുള്ള സർക്കാർ തീരുമാനത്തിനിടെയാണു പുതിയ വെളിപ്പെടുത്തൽ. 2013നുശേഷം സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിതാ ജയിലിൽ അടുത്തടുത്ത സെല്ലുകളിലായിരുന്നു.
പല പ്രമുഖരുമായും ഷെറിനു ബന്ധമുണ്ടായിരുന്നുവെന്ന് സുനിത പറയുന്നു.ഷെറിനു ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കേണ്ട. അവർ പറയുന്ന ഭക്ഷണം ജയിൽജീവനക്കാർ പുറത്തുനിന്നു വാങ്ങിനൽകും. പായ, തലയണ, മൊന്ത എന്നിവയ്ക്കുപകരം കിടക്കയും പ്രത്യേകം തലയണയും നിറയെ വസ്ത്രങ്ങളും ലഭിച്ചു. ഇതിൽ സൂപ്രണ്ടിനു പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ല. ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു.
ഷെറിനെതിരേ കൊലക്കുറ്റവും കവർച്ചാക്കുറ്റവുമുണ്ട്. അങ്ങനെയുള്ളവർക്കു പരോളിനു നിയന്ത്രണമുണ്ട്. ഒരുവർഷത്തിനുള്ളിൽത്തന്നെ പരോൾ നൽകി. 20 വർഷമായി നിരവധി സ്ത്രീകൾ ജയിലിലുണ്ട്. കാഴ്ചയില്ലാത്തവരുമുണ്ട്.
അവർക്കൊന്നും ഇളവു ലഭിച്ചില്ല. ഷെറിൻ പുറത്തിറങ്ങുന്നതിൽ പരാതിയില്ല. പക്ഷേ, 20 വർഷമായി ജയിലിൽ കിടക്കുന്നവർക്കും ഇളവു നൽകണമെന്നും അതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നതെന്നും സുനിത പറഞ്ഞു.