താൻ ഉൾപ്പെടെയുള്ള ആരും മുഖ്യമന്ത്രി സ്ഥാനാർഥി അല്ല: വി.ഡി. സതീശൻ
Friday, February 7, 2025 4:26 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിൽ താൻ ഉൾപ്പെടെയുള്ള ഒരാളും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോണ്‍ഗ്രസ് പാർട്ടിക്ക് അതിന്റേതായ രീതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയും തമാശ പറയരുത്.
2006ലെ കാര്യം എല്ലാവർക്കും ഓർമയുണ്ട്. അന്നു വി.എസ്. അച്യുതാനന്ദനു സീറ്റ് കൊടുക്കാതിരിക്കാൻ ശ്രമിച്ച് പിന്നീട് പോളിറ്റ് ബ്യൂറോയിൽനിന്നും സീറ്റും വാങ്ങി ഇവിടെ ലാൻഡ് ചെയ്തത് ഓർമയുണ്ടല്ലോ. എന്നിട്ടു വിഎസ് മുഖ്യമന്ത്രിയായി. ആ അഞ്ചു വർഷം നടന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം.
2011ൽ വിഎസ് വീണ്ടും മുഖ്യമന്ത്രി ആകുമെന്നു തോന്നിയപ്പോൾ ഭരണംതന്നെ വേണ്ടെന്നു തീരുമാനിച്ച ആളാണ് പിണറായി വിജയൻ. കോണ്‍ഗ്രസിന് അധികം ക്ലാസ് എടുക്കാൻ വരരുത്. പഴയ കഥയൊന്നും പറയിപ്പിക്കരുത്.
വിഎസും പിണറായി വിജയനും തമ്മിൽ നടന്നതൊന്നും കോണ്‍ഗ്രസ് പാർട്ടിയിൽ നടക്കില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ പാർട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു.