രാജ്യാന്തര ഊർജമേളയ്ക്ക് തുടക്കമായി
Saturday, February 8, 2025 1:42 AM IST
തിരുവനന്തപുരം: പുനരുപയോഗ ഊർജ സ്രോതസുകളുടെ ഉപയോഗം വ്യാപകമാക്കി വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തയിലെത്തുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
ഊർജ വകുപ്പിനു കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഊർജമേളയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകളുടെ വിതരണവും അവാർഡ് ബുക്ക് ലെറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
കാർബൺ രഹിത കേരളം എന്ന പ്രമേയത്തിലാണ് ഈ വർഷം മേള സംഘടിപ്പിക്കുന്നത്. ഊർജ കാര്യക്ഷമത ഉറപ്പുവരുത്തുക, കാർബൺ ബഹിർഗമനം കുറയ്ക്കുക, ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ ആഗോള സഹകരണം ശക്തമാക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം.