പാതിവില തട്ടിപ്പ്: ആദ്യം പണം കൊടുത്ത് ഒതുക്കി; പരാതിപ്രളയത്തില്‍ അഴിക്കുള്ളില്‍
Friday, February 7, 2025 4:47 AM IST
കൊച്ചി/മുവാറ്റുപുഴ: ആദ്യ പരാതി പണം കൊടുത്ത് ഒതുക്കിയശേഷം തട്ടിപ്പ് തുടരുന്നതിനിടെ വിവിധ കോണുകളില്‍നിന്ന് വീണ്ടും പരാതികള്‍ കൂട്ടമായി എത്തിയതോടെയാണ് അനന്തു കൃഷ്ണന് അഴിക്കുള്ളിലായത്.
പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തട്ടിപ്പിനായി ഏജന്റുമാര്‍ക്ക് ഓണറേറിയം നല്‍കിയിരുന്ന പ്രതി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് പണം നിക്ഷേപിക്കാന്‍ നല്‍കിയിരുന്നത്.
അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്റെ പേരില്‍ സംസ്ഥാനത്തെ 19 ബാങ്ക് അക്കൗണ്ടുകള്‍ വഴി 450 കോടിയുടെ ഇടപാട് നടന്നതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഈ തുക ഉപയോഗിച്ച് സ്വന്തം പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയതിനു പുറമേ സഹോദരങ്ങളുടെ പേരിലും വസ്തു വാങ്ങിയതായാണ് കണ്ടെത്തല്‍.
അതിനിടെ എറണാകുളത്ത് പരാതികളുടെ എണ്ണം കൂടുകയാണ്. കോതമംഗലത്തും കൂത്താട്ടുകുളത്തുമാണ് പുതിയ പരാതികള്‍. കോതമംഗലത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
1,222 പേരില്‍ നിന്ന് സ്കൂട്ടര്‍ ഇനത്തില്‍ 60,000 രൂപ വീതം 7,33,22,000 രൂപയും, 51 പേരില്‍ നിന്ന് ലാപ്ടോപ്പ് ഇനത്തില്‍ 30,000 രൂപ വീതം 15,30,000 രൂപയും, 127 പേരില്‍ നിന്ന് തയ്യല്‍ മെഷീന് ഇനത്തില്‍ 11,31,000 രൂപയും സഹിതം ആകെ 7,59,81,000 ഇയാളുടെ അക്കൗണ്ടിലേക്ക് 2023 ജൂലൈ മുതല്‍ 2024 സെപ്റ്റംബര്‍ വരെ എത്തിയതായാണ് മൂവാറ്റുപുഴ പോലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കുന്നത്. ഇത് മൂവാറ്റുപുഴ പോലീസ് അന്വേഷിക്കുന്ന കേസുകളുടെ മാത്രം വിവരങ്ങളാണ്.
അഞ്ച് ദിവസത്തെ കസ്റ്റഡി; വ്യക്തത വരുത്താന്‍ അന്വേഷണസംഘം
പ്രതി അനന്തുവിനെ അഞ്ച് ദിവസത്തേക്ക് മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണസംഘം ഇയാളെ ഇന്നലെ വൈകിട്ടോടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ചോദ്യങ്ങള്‍ക്കു പ്രതി മറുപടി നല്‍കുന്നുണ്ടെങ്കിലും ഇവ നേരത്തെ പഠിച്ചുവച്ചിരിക്കുന്നവയാണെന്നാണ് പോലീസിന്റെ വിശദീകരണം.
തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ അക്കൗണ്ടന്റിനെയും, ഏജന്റുമാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. പ്രതിയുടെ പത്തിലധികം ബാങ്ക് അക്കൗണ്ടുകളുടെ വിവരംതേടി പോലീസ് ബാങ്കുകളെ സമീപിച്ചിട്ടുണ്ട്. 10 വരെയാണ് കസ്റ്റഡി കാലാവധി.
തട്ടിപ്പിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് നിരവധി വാഹനങ്ങളാണ് ഇയാള്‍ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെയുള്ള മൂന്ന് ആഡംബര വാഹനങ്ങള്‍ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ സ്റ്റേഷന് ഹൗസ് ഓഫീസറുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
അനന്തു കൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. പ്രതിയുമായി പോലീസ് ഇന്ന് വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തും. തട്ടിപ്പിലൂടെ പ്രതി വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ശ്രമവും പോലീസ് ആരംഭിച്ചുകഴിഞ്ഞു.
സത്യം പുറത്തുവരുമെന്ന് അനന്തു കൃഷ്ണന്
കേസില്‍ സത്യം പുറത്തുവരുമെന്ന് പ്രതി അനന്തു കൃഷ്ണന്. അന്വേഷണം നടക്കട്ടെ. സന്നദ്ധ സംഘടനകള്‍ വഴിയുള്ള പദ്ധതിയാണ് താന്‍ നടപ്പിലാക്കുന്നതെന്നും കോടതിയിലെത്തിയ അനന്തു പ്രതികരിച്ചു.
അന്വേഷിക്കും
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ വാഹനങ്ങള്‍, ഭൂമി, ബെനാമി പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വാങ്ങിയ വസ്തുക്കളുടെ വിവരങ്ങള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള പണത്തെപ്പറ്റി, കൂട്ടുപ്രതികള്‍ ആരൊക്കെ, രാഷ്ട്രീയ ബന്ധങ്ങള്‍, രാഷ്ട്രീയ ബന്ധം തട്ടിപ്പിന് മറയാക്കിയോ, തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയ രംഗത്തെയടക്കം ഉന്നതര്‍, പണം കൈമാറ്റം ചെയ്തതത് ഏതൊക്കെ അക്കൗണ്ടുകളിലേക്ക്, ഇവയുടെ വിനിയോഗം, തട്ടിപ്പിന് സഹായം ചെയ്ത് നല്കിയവര് ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം അന്വേഷണ പരിധിയില്‍ വരും.