മഞ്ഞനിക്കര പെരുന്നാൾ ഇന്നു സമാപിക്കും
Saturday, February 8, 2025 1:42 AM IST
പത്തനംതിട്ട: ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹം തേടിയെത്തിയ വിശ്വാസികൾ മഞ്ഞനിക്കരയെ ഭക്തിസാന്ദ്രമാക്കി. ബാവയുടെ 93 ാമത് ഓർമപ്പെരുന്നാളിൽ പങ്കെടുക്കാനെത്തിയ കാൽനട തീർഥാടകർ അടക്കം ഇന്നലെ മഞ്ഞനിക്കര കബറിങ്കലെത്തി.
ഓമല്ലൂർ കുരിശിങ്കൽ ഉച്ചമുതൽ തീർഥാടകർക്ക് സ്വീകരണം നൽകി. പ്രധാന തീർഥാടക സംഘങ്ങളെ പെരുന്നാൾ കമ്മിറ്റിയും സമീപ ഇടവകകളും ഓമല്ലൂർ പൗരാവലിയും ചേർന്ന് കുരിശിങ്കൽ സ്വീകരിച്ചു. സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകിയെത്തിയ ഹൈറേഞ്ച് മേഖല തീർഥാടകരെയും കൂടുതൽ ദൂരം സഞ്ചരിച്ചെത്തിയ വടക്കൻ മേഖല തീർഥാടകരെയും കുരിശിങ്കൽ സ്വീകരിച്ച് ദയറായിലേക്ക് ആനയിച്ചു.
ദയറാ കവാടത്തിൽ തീർഥാടക സംഘങ്ങളെ ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെയും ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
മുംബൈ ഭദ്രാസനത്തിൽ നിന്നും തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ എത്തിയ തീർഥാടക സംഘത്തിനും ദയറായിൽ സ്വീകരണം നൽകി.
തീർഥാടക സമ്മേളനം മാർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി വീണാ ജോർജ്, യൂഹാനോൻ മാർ മിലിത്തിയോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ് എന്നിവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു.
ഇന്ന് പുലർച്ചെ മാർ സ്തേഫാനോസ് കത്തീഡ്രലിലും തുടർന്ന് 5.45ന് ദയറാ കത്തീഡ്രലിലും കുർബാന ഉണ്ടാകും. രാവിലെ എട്ടിന് പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി ദയറാ കത്തീഡ്രലിൽ കുർബാന അർപ്പിക്കും. കബറിങ്കൽ ധൂപപ്രാർഥന, പ്രദക്ഷിണം എന്നിവയോടെ പെരുന്നാൾ സമാപിക്കും.