ഭാഗ്യവാനേ... സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
Friday, February 7, 2025 4:26 AM IST
ഇരിട്ടി: രണ്ടു ദിവസത്തെ ആകാംക്ഷയ്ക്കുശേഷം ക്രിസ്മസ്-ന്യൂ ഇയർ ബംപർ ജേതാവ് സത്യൻതന്നെയെന്നു വെളിപ്പെടുത്തി. സമ്മാനമടിച്ച ടിക്കറ്റ് ഇരിട്ടി ഫെഡറൽ ബാങ്ക് ശാഖയ്ക്കു കൈമാറുകയും ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ഭാഗ്യശാലി ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ചത്. ഇതോടെ ബുധനാഴ്ച ഉച്ചമുതൽ മാധ്യമങ്ങൾ തേടിക്കൊണ്ടിരുന്ന ഭാഗ്യശാലി സത്യൻതന്നെയാണു ബാങ്കിനു ടിക്കറ്റ് കൈമാറിയതെന്ന് വ്യക്തമായി.
സംഭവമറിഞ്ഞെത്തിയ മാധ്യമങ്ങളോട് ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തതുകൊണ്ട് സത്യൻ എന്ന പേര് മാത്രമാണ് മാനേജർ പങ്കുവച്ചത്. ടിക്കറ്റ് വിറ്റത് ഇരിട്ടി മുത്തു ലോട്ടറി ഏജൻസി യാണ്.
ക്രിസ്മസ് -ന്യൂ ഇയർ ബംപർ വിജയിയെ പ്രഖ്യാപിച്ചത് മുതൽ കണ്ണൂർ ഇരിട്ടിയിലെ മുത്തു ലോട്ടറി ഏജൻസിക്കു മുന്നിൽ വിജയിയെ തിരിച്ചറിയാനായി മാധ്യമങ്ങളുടെയും ജനങ്ങളുടെയും വൻ തിരക്കായിരുന്നു. എന്നാൽ സത്യൻ എന്ന പേരു മാത്രമാണ് പ്രചരിച്ചിരുന്നത്.
കഴിഞ്ഞ 24 നാണ് സത്യനെന്ന വ്യക്തി കടയിലെത്തി സമ്മാനാർഹമായ ടിക്കറ്റ് ഉൾപ്പെടുന്ന 10 ടിക്കറ്റുകൾ വാങ്ങി മടങ്ങിയത്. അന്നു കടയിൽ രേഖപ്പെടുത്തിയ പേരിൽനിന്നാണ് ഭാഗ്യശാലി സത്യനാണെന്ന് തിരിച്ചറിയുന്നത്.
സമ്മർ ബംപർ വിപണിയിൽ
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബംപർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും നൽകും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ. എൻ. ബാലഗോപാലാണ് പുതിയ സമ്മർ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്തത്.
250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ രണ്ടിനാണ് സമ്മർ ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്.