ഡോ. വി.പി. ജോയി അധിക ശന്പളം കൈപ്പറ്റിയെന്നത് വാസ്തവവിരുദ്ധം
Friday, February 7, 2025 4:26 AM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ. വി.പി. ജോയി പിന്നീട് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് (കെപിഇഎസ്ആർബി) ചെയർമാനെന്ന നിലയിൽ ഒരു വർഷം 19.37 ലക്ഷം രൂപ അധികമായി കൈപ്പറ്റിയെന്ന് എജിയുടെ കണ്ടെത്തലുണ്ടായി എന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ബോർഡ് സെക്രട്ടറി.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ എംഡിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡിലെ ചെയർമാന്റെയും അംഗങ്ങളുടെയും വേതനം സംബന്ധിച്ചു നിയമങ്ങൾ ഒന്നുതന്നെയാണെന്നും സെക്രട്ടറി വ്യക്തമാക്കി.
കെപിഇഎസ്ആർബി എന്ന സ്വയംഭരണ സ്ഥാപനം കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് പ്രകാരം രൂപീകരിച്ചതാണ്. ഈ സ്ഥാപനം സ്വാശ്രയ സ്ഥാപനമായതിനാൽ ഇവിടുത്തെ വേതനം അടക്കമുള്ള ചെലവുകൾ സർക്കാർ ഫണ്ടിൽ നിന്നല്ല, മറിച്ച് ബോർഡിന്റെ തനതു വരുമാനത്തിൽ നിന്നാണ് നൽകുന്നത്. ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ നിയമനം കേരള സർവീസ് ചട്ടങ്ങളിൽ പ്രതിപാദിച്ച പ്രകാരമുള്ള പുനർ നിയമനമല്ല. മറിച്ച് ആക്ടിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുള്ള സ്റ്റാറ്റ്യൂട്ടറി നിയമനമാണ്.
വേതനം ഇതിലെ നിയമങ്ങളുടെയും അതിന്റെ കീഴിലുള്ള ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. നിയമപ്രകാരമല്ലാതെ ബോർഡിൽ ചെയർമാനുൾപ്പെടെ ആരും വേതനം കൈപ്പറ്റിയിട്ടില്ലാത്തതിനാൽ ഇതു സംബന്ധിച്ച വാർത്ത തെറ്റിദ്ധാരണാജനകമാണ്.
കെപിഇഎസ്ആർബി ചട്ടങ്ങളിലെ വ്യവസ്ഥകൾക്കു സമാനമോ അതിൽ കൂടുതലോ വേതനം കൈപ്പറ്റുന്ന മറ്റു നിരവധി സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിലുണ്ടെന്നും കെപിഇഎസ്ആർബിയുടെ വിശദീകരണത്തിൽ പറയുന്നു.